ദില്ലി: പൂരം കഴിഞ്ഞ ഉത്സവപറമ്പ് പോലെയാണ് ആരാധകരിപ്പോള്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയിലിന്‍റെ ബാറ്റിംഗ് കാണുന്നത്. അതിനാല്‍ ഫോമിന്‍റെ നിഴലില്‍ പോലുമില്ലാത്ത 38കാരനെ സ്വന്തമാക്കാന്‍ ഐപിഎല്‍ ലേലത്തിന്‍റെ ആദ്യ ദിനം ടീമുകള്‍ തയ്യാറായില്ല. എന്നാല്‍ അപ്രതീക്ഷിതമായി ഗെയിലിനെ ടീമിലെത്തിച്ച് താരലേലത്തിന്‍റെ രണ്ടാം ദിനം കിംഗ് ഇലവന്‍ പഞ്ചാബ് അമ്പരിപ്പിച്ചു.
വിളിക്കാന്‍ ആളില്ലാതിരുന്ന ഗെയിലിനെ രണ്ട് കോടി മുടക്കിയാണ് കിംഗ്സ് ഇലവന്‍ സ്വന്തമാക്കിയത്. അതേസമയം താരത്തിന്‍റെ ഫോമിനെ ചൊല്ലിയുള്ള ആശങ്കകള്‍ നില്‍ക്കേ ടീം ഉപദേശകനായ വീരേന്ദര്‍ സെവാഗിന്‍റെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുകയാണ് ഗെയില്‍. ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ള സെവാഗിന്‍റെ ട്വീറ്റിന് വിജയ ചിഹ്നത്തിലൂടെ മറുപടി നല്‍കി വെസ്റ്റിന്‍ഡീസിന്‍റെ വെടിക്കെട്ട് വീരന്‍.
വേഗമേറിയ ടി20 സെഞ്ചുറി(30 പന്തില്‍) അടക്കം നിരവധി റെക്കോര്‍ഡുകള്‍ ഗെയിലിന്‍റെ പേരിലുണ്ട്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറും(പുറത്താകാതെ 175) ക്രിസ് ഗെയിലിനാണ്. എന്നാല്‍ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയിട്ടുള്ള ക്രിസ് ഗെയിലിനെ ഫോമില്ലായ്മയും പ്രായവുമാണ് വലയ്ക്കുന്നത്. അതിനാല്‍ ഗെയിലിനെ ടീമിലെത്തിച്ച പഞ്ചാബിന്‍റെ തീരുമാനം ശരിയാണോ എന്ന് കണ്ടറിയണം.
