അടുത്ത മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയാല്‍ വീരുവിന്‍റെ റെക്കോര്‍ഡ് തകരും
മുംബൈ: ഐഎസ്എല് പതിനൊന്നാം സീസണില് രാജസ്ഥാന് റോയല്സിന്റെ തലവര മാറ്റിയ താരമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന് ജോസ് ബട്ട്ലര്. ഓപ്പണറായി ഇറങ്ങിയ മത്സരങ്ങളില് മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരം കാഴ്ച്ചവെക്കുന്നത്. ഓപ്പണറായി ബട്ട്ലറെ ഇറക്കാന് വൈകിയത് എന്തെന്ന ചോദ്യമാണ് ഇപ്പോള് ആരാധകര് ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്സിനെതിരെയും ബട്ട്ലര് തകര്പ്പന് അര്ദ്ധ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യന് പ്രീമിയര് ലീഗിന്റെ ഈ സീസണില് ബട്ട്ലറുടെ തുടര്ച്ചയായ അഞ്ചാം അര്ദ്ധ ശതകമായിരുന്നു ഇത്. ഇതോടെ ഐപിഎല്ലില് തുടര്ച്ചയായി അഞ്ച് അര്ദ്ധ സെഞ്ചുറികളെന്ന ഡല്ഹി ഡെയര്ഡെവിള്സ് മുന് താരം വീരേന്ദര് സെവാഗിന്റെ റെക്കോര്ഡിന് ഒപ്പമെത്തി.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില് 67, 51, 82, 95, 94 എന്നിങ്ങനെയായിരുന്നു രാജസ്ഥാന് റോയല്സ് ഓപ്പണറുടെ സ്കോര്. ടി20 ചരിത്രത്തില് ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരം കൂടിയാണ് ജോസ് ബട്ട്ലര്. സിംബാബ്വെയുടെ ഹാമില്ട്ടണ് മസാകദ്സയും പാക് താരം കമ്രാന് അക്മലുമാണ് മുമ്പ് തുടര്ച്ചയായി അഞ്ച് അര്ദ്ധ സെഞ്ചുറികള് തികച്ചിട്ടുള്ളത്.



