ആരാധകരോട് ക്ഷമ ചോദിച്ച് പ്രീതി സിന്‍റെ
പുനെ: നാടകീയമായിരുന്നു ഇന്ത്യന് പ്രീമിയര് ലീഗ് പതിനൊന്നാം സീസണില് കിംഗ്സ് ഇലവന് പഞ്ചാബിന്റെ പ്രകടനം. ആദ്യ ആറ് മത്സരങ്ങളില് അഞ്ച് ജയവുമായി രാജകീയമായാണ് കിംഗ്സ് ഇലവന് സീസണ് തുടങ്ങിയത്. എന്നാല് പിന്നീടുണ്ടായ തുടര്തോല്വികളെ തുടര്ന്ന് പ്ലേ ഓഫ് കാണാതെ ടീം പുറത്തായി.
ക്രിസ് ഗെയ്ലിനെ പോലുള്ള വമ്പന്മാര് ടീമിലുള്ളപ്പോളായിരുന്നു ഈ ദാരുണ പതനം. പ്ലേ ഓഫ് യോഗ്യത നേടാന് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില് ചെന്നൈ സൂപ്പര് കിംഗ്സിനോട് 53 റണ്സിനെങ്കിലും ജയിക്കേണ്ടിയിരുന്ന ടീം അഞ്ച് വിക്കറ്റിന്റെ തോല്വി ഏറ്റുവാങ്ങി. സീസണില് കിംഗ്സ് ഇലവന്റെ എട്ടാം തോല്വിയായിരുന്നു ഇത്.
ഇതോടെ ഏഴാം സ്ഥാനക്കാരായി പഞ്ചാബ് സീസണ് അവസാനിപ്പിക്കുകയായിരുന്നു. പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് ടീമുടമകളിലൊരാളും ബോളിവുഡ് താരവുമായ പ്രീതി സിന്റെ രംഗത്തെത്തി. സീസണില് മികച്ച വിജയം നേടാനാകാത്തതില് ആരാധകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നതായി പ്രീതി സിന്റെ ട്വിറ്ററില് കുറിച്ചു.
