ടി20യില്‍ രോഹിത് ശര്‍മ്മയ്ക്ക് അപൂര്‍വ്വ നേട്ടം
മുംബൈ: ഐപിഎല് പതിനൊന്നാം സീസണില് മുംബൈ ഇന്ത്യന്സ് നായകന് രോഹിത് ശര്മ്മ അത്ര മികച്ച ഫോമിലല്ല. സ്ഥിരതയില്ലായ്മയാണ് രോഹിതിനെ ഇക്കുറി വട്ടംകറക്കുന്നത്. എന്നാല് കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില് അപൂര്വ്വ നേട്ടം സ്വന്തമാക്കാന് ഹിറ്റ്മാനായി. ടി20യില് 300 സിക്സുകള് തികച്ച ആദ്യ ഇന്ത്യന് ബാറ്റ്സ്മാനാണ് രോഹിത് ശര്മ്മ. അന്താരാഷ്ട്ര ടി20യില് കൂടുതല് സിക്സുകള് നേടിയ ഇന്ത്യന് താരവും(78) രോഹിതാണ്.
കിംഗ്സ് ഇലവനെതിരെ മുംബൈ വിജയിച്ച മത്സരത്തില് മുജീബ് റഹ്മാനെ അതിര്ത്തിക്ക് മുകളിലൂടെ പറത്തിയാണ് മുംബൈ ഇന്ത്യന്സ് നായകന് നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റില് 300 സിക്സുകള് തികയ്ക്കുന്ന ഏഴാമത്തെ താരമാണ് രോഹിത്. 844 സിക്സുകളുമായി വിന്ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലാണ് പട്ടികയില് മുന്നില്. അന്താരാഷ്ട്ര മത്സരങ്ങളിലെയും ടി20 ലീഗുകളിലെയും സിക്സുകള് പരിഗണിച്ചാണിത്.
