മത്സരം രാത്രി എട്ടിന് ജയ്‌പൂരില്‍ 

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് നേരിടും. ജയ്‌പൂരില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. സീസണില്‍ മുംബൈ നാല് മത്സരങ്ങളില്‍ ഒന്നും രാജസ്ഥാന്‍ അഞ്ച് കളിയില്‍ രണ്ടും ജയം വീതം നേടിയിട്ടുണ്ട്.

2010ന് ശേഷം ആദ്യമായി ജെ പി ഡുമിനി മുംബൈ ഇന്ത്യന്‍സ് നിരയില്‍ കളിക്കാനുള്ള സാധ്യതയാണ് ജയ്പൂരിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. നാല് കളിയില്‍ 33 റണ്‍സ് മാത്രം നേടുകയും ഫീല്‍ഡില്‍ അപ്രസക്തനാവുകയും ചെയ്ത പൊള്ളാര്‍ഡിന് പകരം ഡുമിനിയെ ഉള്‍പ്പെടുത്തുന്നത് സ്‌പിന്‍ കരുത്ത് കൂട്ടുമെന്നാണ് കണക്കുകൂട്ടല്‍. നായകന്‍ രോഹിത് ശര്‍മ്മ മധ്യനിരയില്‍ തന്നെ തുടരും.

വന്‍തുക മുടക്കി സ്വന്തമാക്കിയ വിദേശതാരങ്ങളും ഉനാദ്കട്ടിനെ പോലുള്ള ബൗളര്‍മാരും നിറം മങ്ങുന്നതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രശ്നം. കഴിഞ്ഞ രണ്ട് കളിയിലും ഒരേ രീതിയില്‍ പുറത്തായ സ‍ഞ്ജു സാംസണ്‍ തുടക്കത്തിലേ അമിതാവേശം കാട്ടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രാഹുല്‍ ത്രിപാഠിയെ പവര്‍പ്ലേയില്‍ പരീക്ഷിക്കണമെന്ന ആവശ്യം അധികം നാള്‍ അവഗണിക്കാനുമാകില്ല.