സണ്‍റൈസേഴ്സ് ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം
ഹൈദരാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്ഹി ഡെയര്ഡെവിള്സിന് മികച്ച സ്കോര്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില് ടോസ് നേടി ബാറ്റിംഗാരംഭിച്ച ഡല്ഹി 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 163 റണ്സെടുത്തു. അര്ദ്ധ സെഞ്ചുറി നേടിയ പൃഥ്വി ഷായാണ് ഡല്ഹിയുടെ ടോപ് സ്കോറര്. സണ്റൈസേഴ്സിനായി റഷീദ് ഖാന് രണ്ടും സിദ്ധാര്ത്ഥ് കൗള് ഒരു വിക്കറ്റും വീഴ്ത്തി.
ഡല്ഹി ഇന്നിംഗ്സിന്റെ തുടക്കത്തിലെ സന്ദീപ് ശര്മ്മയുടെ റണൗട്ടില് രണ്ട് റണ്സുമായി മാക്സ്വെല് പുറത്തായി. എന്നാല് കഴിഞ്ഞ മത്സരത്തിലെ വീരന്മാരായ പൃഥ്വി ഷായും ശ്രേയാസ് അയ്യരും ക്രീസില് ഒന്നിച്ചതോടെ ഡെയര്ഡെവിള്സ് കുതിച്ചു. ഇതോടെ 10 ഓവര് പിന്നിടുമ്പോള് ഡല്ഹി നൂറിനടുത്തെത്തി. അതിവേഗം റണ്സുയര്ത്തിയ ഷാ 36 പന്തില് 65 റണ്സെടുത്തു. റഷീദ് ഖാനായിരുന്നു വിക്കറ്റ്.
16-ാം ഓവറിലെ ആദ്യ പന്തില് വ്യക്തിഗത സ്കോര് 44ല് നില്ക്കേ അയ്യരെ കൗള് പുറത്താക്കിയത് ഡല്ഹിക്ക് തിരിച്ചടിയായി. റഷീദ് ഖാനെറിഞ്ഞ 17-ാം ഓവറില് പന്തും(18), ഓജയും(1) പുറത്തായത് സ്കോറിങ്ങിനെ ബാധിച്ചു. പിന്നാലെ വിജയ് ശങ്കറും ഡാന് ക്രിസ്റ്റ്യനും കൂറ്റനടികളുമായി ഇന്നിംഗ്സ് അവസാനിപ്പിക്കാന് ശ്രമിച്ചെങ്കിലും വന് സ്കോര് പിറന്നില്ല. ശങ്കര് 23 റണ്സുമായും ക്രിസ്റ്റ്യന് ഏഴ് റണ്സെടുത്തും പുറത്താകാതെ നിന്നു.
