കാണാം യുവ്‌രാജ് സിംഗിന്‍റെ ആഹ്ലാദനൃത്തം

മൊഹാലി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബാറ്റിംഗ് വിരുന്നൊരുക്കുകയായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ല്‍. ഐപിഎല്‍ 11-ാം സീസണിലെ ആദ്യ സെഞ്ചുറി തന്‍റെ പേരില്‍ കുറിച്ച് ഗെ‌യ്ല്‍ താണ്ഡവമാടിയപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 193 റണ്‍സെന്ന മികച്ച സ്കോറിലെത്തി. ഐപിഎല്‍ കരിയറില്‍ ഗെയ്‌ലിന്‍റെ ആറാം സെഞ്ചുറി കൂടിയായിരുന്നു ഇത്. ഇന്നിംഗ്സിലാകെ 63 പന്തില്‍ 104 റണ്‍സാണ് വെസ്റ്റിന്ത്യന്‍ ബാറ്റ്സ്മാന്‍ അടിച്ചെടുത്തത്. 

റാഷിദിന്‍റെ 14-ാം ഓവറില്‍ തുടര്‍ച്ചയായ നാല് സിക്സുകള്‍ പറത്തി തന്‍റെ കരുത്ത് ഒരിക്കല്‍ കൂടി വിമര്‍ശകര്‍ക്ക് ഗെയ്‌ല്‍ കാട്ടിക്കൊടുത്തു. മത്സരത്തിലാകെ 11 സിക്സുകളും ഒരു ബൗണ്ടറിയുമാണ് ഗെയ്‌ല്‍ അടിച്ചുപറത്തിയത്. 19-ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് ഗെയ്‌ല്‍ സെഞ്ചുറിയിലെത്തി. അതോടെ സ്റ്റേഡിയം ആവേശത്തിരയായപ്പോള്‍ ശ്രദ്ധേയമായത് സഹതാരം യുവ്‌രാജ് സിംഗിന്‍റെ പ്രതികരണമായിരുന്നു. ബാറ്റ് കറക്കുന്ന ആക്ഷനില്‍ ആഹ്ലാദനൃത്തമാടുകയായിരുന്നു യുവി.