ദില്ലി: ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗൗതം ഗംഭീറിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 2.80 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്. ലീഗ് ചരിത്രത്തിലെ മികച്ച നായകന്‍മാരില്‍ ഒരാളും സ്ഥിരതയുള്ള ബാറ്റ്സ്മാനുമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍. ഗംഭീറിനെ നായകനായി തിരികെയെത്തിച്ചതിന്‍റെ ഉദ്ധേശ്യം വ്യക്തമാക്കിയിരിക്കുകയാണ് ഡെയര്‍ഡെവിള്‍ഡ് സിഇഒ ഹേമന്ത് ദുവാ.

മികച്ച നായകനും ബാറ്റ്സ്മാനുമായ ഗംഭീറിനെ തിരികെ ടീമിലെത്തിക്കുക എക്കാലത്തും തങ്ങളുടെ ലക്ഷ്യമായിരുന്നു. ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നിലനിര്‍ത്താതിരുന്നത് ഡല്‍ഹി മാനേജ്മെന്‍റിനെ ഞെട്ടിച്ചു. പരിശീലകനായി നിയമിതനായ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും ഗംഭീറും തമ്മിലുള്ള രസതന്ത്രം സീസണില്‍ ടീമിന് ഗുണം ചെയ്യുമെന്ന് സിഇഒ പറയുന്നു. 

ഇരുവരും ചര്‍ച്ചകളിലൂടെ തീരുമാനങ്ങളെടുത്ത് ടീമിനെ മുന്നോട്ട് നയിക്കും. ഗംഭീറിലൂടെ ടീമിന്‍റെ കന്നി കീരിടമാണ് ടീം ലക്ഷ്യമിടുന്നതെന്നും ഹേമന്ത് ദുവാ പറഞ്ഞു. കൊല്‍ക്കത്തയെ രണ്ട് തവണ കിരീടത്തിലെത്തിച്ച നായകനായ ഗൗതം ഗംഭീര്‍ 2017 സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. മുമ്പ് 2008 മുതല്‍ 2010 വരെ ഡല്‍ഹിക്കായി ഗംഭീര്‍ കളിച്ചിട്ടുണ്ട്.