മുംബൈ: ഇര്‍ഫാന്‍ പത്താന്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. നിര്‍ഭാഗ്യവശാല്‍ മികച്ച പ്രകടനത്തിന്റെ പേരിലല്ല അത്. ഐപിഎല്‍ താരലേലത്തില്‍ 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പത്താനെ ആരും വാങ്ങിയില്ല. ചേട്ടന്‍ പത്താന് ആവശ്യക്കാരുണ്ടായിരുന്നപ്പോഴും അനിയന്‍ പത്താനെ ആര്‍ക്കും വേണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ സ്വിംഗ് കിംഗായിരുന്ന പത്താന്റെ അവിസ്മരണീയമായൊരു ബൗളിംഗ് പ്രകടനത്തിന് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2006ല്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ആദ്യ ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, യൂസഫ് യൂഹാന എന്നിവരെയാണ് പത്താന്‍ തന്റെ സ്വിംഗിന് മുന്നില്‍ വീഴ്ത്തിയത്. അപ്പോള്‍ പാക് സ്കോര്‍ ബോര്‍ഡില്‍ ഒറ്റ റണ്‍സുമുണ്ടായിരുന്നില്ല.

ടെസ്റ്റില്‍ ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ മാതരം ഹാട്രിക്കായിരുന്നു അത്. അതിനുശേഷം പത്താന്റെ കരിയര്‍ ഒരുപാട് മാറി. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പത്താന്‍ ഒടുവില്‍ ഐപിഎല്ലില്‍ നിന്നും പുറത്തായിരിക്കുന്നു. എങ്കിലും ആരാധകരുടെ ഓര്‍മകളില്‍ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്നു പത്താന്റെ ആ മാസ്മരിക ബൗളിംഗ് പ്രകടനം.