ലോകകപ്പ്‌ ഫുട്‌ബോള്‍ ടീമിലേക്ക്‌ സെലക്ഷന്‍ ലഭിക്കാതെ പോയ ബ്രസീല്‍ താരം ജാവോ പെഡ്രോ, കോള്‍ പാല്‍മര്‍. റയല്‍ മാഡ്രിഡ്‌ പുറത്താക്കിയ മാനേജര്‍ സാബി അലോണ്‍സോ. തഴയപ്പെട്ടവര്‍ എല്ലാവരും കൂടി ഒരു കിടിലന്‍ കോമ്പോ ആയെന്നാണ്‌ തോന്നുന്നത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ തുടക്കം എതിരാളികള്‍ക്ക്‌ ശക്തമായ സൂചന നല്‍കുന്നു.

ലണ്ടന്‍: ലോകകപ്പ്‌ ഫുട്‌ബോള്‍ ടീമിലേക്ക്‌ സെലക്ഷന്‍ ലഭിക്കാതെ പോയ ബ്രസീല്‍ താരം ജാവോ പെഡ്രോ, ഇംഗ്ലണ്ടിന്റെകോള്‍ പാല്‍മര്‍. റയല്‍ മാഡ്രിഡ്‌ പുറത്താക്കിയ മാനേജര്‍ സാബി അലോണ്‍സോ. തഴയപ്പെട്ടവര്‍ എല്ലാവരും കൂടി ഒരു കിടിലന്‍ കോമ്പോ ആയെന്നാണ്‌ തോന്നുന്നത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ തുടക്കം എതിരാളികള്‍ക്ക്‌ ശക്തമായ സൂചന നല്‍കുന്നു.

ഫുള്‍ഹാമിനെതിരെ കണ്ണടച്ച്‌ തുറക്കും മുമ്പെ ചെല്‍സി സ്‌കോര്‍ ചെയ്‌തു. മുപ്പത്തൊന്നാം മിനുട്ടില്‍ ജാവോ പെഡ്രോ ആയിരുന്നു സീസണില്‍ ചെല്‍സിയുടെ ആദ്യ ഗോളടിച്ചത്‌. 2016 ഒക്ടോബറിന്‌ ശേഷം ചെല്‍സി നേടുന്ന ഏറ്റവും വേഗമേറിയ ഗോള്‍ ആയി ഇത്‌ മാറി. ബ്രസീല്‍ കോച്ച്‌ കാര്‍ലോ ആഞ്ചലോട്ടിയുടെ കണ്ണു തുറപ്പിക്കാനായിരിക്കണം, പെഡ്രോ ഒട്ടും ക്ഷമയില്ലാതെ ഗോളടി തുടങ്ങിയത്‌. ആസ്‌റ്റന്‍വില്ലയില്‍ നിന്ന്‌ 117 മില്യണ്‍ പൗണ്ടിന്റെ ക്ലബ്ബ്‌ റെക്കോര്‍ഡ്‌ ട്രാന്‍സ്‌ഫറില്‍ ചെല്‍സി സ്വന്തമാക്കിയ മോര്‍ഗന്‍ റോജേഴ്‌സും, കോള്‍ പാല്‍മറും സ്‌കോര്‍ ചെയ്‌തു. ഇതിനിടെ ഫുള്‍ഹാം രണ്ട്‌ ഗോളുകള്‍ അടിച്ചത്‌ ചെല്‍സിയുടെ പ്രതിരോധപ്പിഴവുകള്‍ ചര്‍ച്ചയാക്കി. 3-2 നായിരുന്നു ചെല്‍സിയുടെ ജയം. ജോഷ്‌ കിംഗ്‌സ്‌, ഗോണ്‍സാലോ ഗാര്‍സിയ എന്നിവര്‍ ഫുള്‍ഹാമിനായി സ്‌കോര്‍ ചെയ്‌തു.

ചെല്‍സിയുടെ ഗോളി പോരാ....

ഗോള്‍കീപ്പര്‍ റോബര്‍ട്ട്‌ സാഞ്ചസ്‌ ഈ ടീമിന്‌ അനുയോജ്യനല്ലെന്ന വിമര്‍ശനം ക്ലബ്ബ്‌ അനുകൂലികളുടെ ഭാഗത്ത്‌ നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍, കോച്ച്‌ സാബി അലോണ്‍സോ തന്റെ കളിക്കാരെ പഴിക്കാന്‍ തയ്യാറല്ല. ചെല്‍സി മികച്ച കോമ്പിനേഷനാണെന്ന്‌ അലോണ്‍സോ അടിവരയിടുന്നു. മുന്നേറ്റ നിരയിലെ പാല്‍മറും പെഡ്രോയും റോജേഴ്‌സും ഏറെ സ്‌പെഷ്യല്‍ ആണ്‌. അവര്‍ നയിക്കുമ്പോള്‍, അവരെ പിന്തുണക്കാന്‍ ടീമൊന്നടങ്കം തയ്യാറാകുമെന്ന്‌ ശുഭാപ്‌തി പ്രകടിപ്പിക്കുകയാണ്‌ അലോണ്‍സോ.

2023 ല്‍ ക്രിസ്‌റ്റഫര്‍ നുന്‍കു ചെല്‍സിക്കായി പ്രീമിയര്‍ ലീഗ്‌ അരങ്ങേറ്റത്തില്‍ ഗോളടിച്ചതിന്‌ ശേഷം റോജേഴ്‌സാണ്‌ ആ നേട്ടം ആവര്‍ത്തിക്കുന്നത്‌. മാത്രമല്ല, ചെല്‍സിക്കായി കളിക്കാനിറങ്ങിയ ആദ്യ ലീഗ്‌ മത്സരത്തില്‍ തന്നെ അഞ്ച്‌ അവസരങ്ങള്‍ ക്രിയേറ്റ്‌ ചെയ്‌തും റോജേഴ്‌സ്‌ വരവറിയിച്ചു.

അലോണ്‍സോക്ക്‌ തെളിയിക്കണം...

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ പ്രധാന താരമായിരുന്ന സാബി അലോണ്‍സോ സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡിലും കളിച്ച ശേഷം, അവിടെത്തന്നെ അണ്ടര്‍ 14 ടീമിനെ പരിശീലിപ്പിച്ചാണ്‌ കോച്ചിംഗ്‌ കരിയര്‍ ആരംഭിച്ചത്‌. ജര്‍മന്‍ ക്ലബ്ബ്‌ ബയെര്‍ ലെവര്‍കൂസന്റെ പരിശീലകനായിരുന്ന അലോണ്‍സോ 2023-24 സീസണില്‍ ലെവര്‍കൂസനെ തോല്‍വികളില്ലാതെ ബുണ്ടസ്‌ ലിഗ കിരീടവും ഡിഎഫ്‌ബി പോഖലും നേടിക്കൊടുത്ത്‌ ചരിത്രമെഴുതി. ആ പെരുമയില്‍, റയല്‍ മാഡ്രിഡിന്റെ മുഖ്യ പരിശീലകനായി 2025 ജൂണില്‍ ചുമതലയേറ്റെങ്കിലും ഏഴ്‌ മാസം കൊണ്ട്‌ പിരിയേണ്ടി വന്നു. ഈ വര്‍ഷം ജൂലൈയില്‍ ചെല്‍സിയുടെ മാനേജരായി ചുമതലയേറ്റ സാബി അലോണ്‍സോക്ക്‌ ജര്‍മനിയില്‍ സംഭവിച്ചത്‌, വണ്‍ ടൈം വണ്ടര്‍ അല്ലെന്ന്‌ തെളിയിക്കേണ്ടതുണ്ട്‌. അതിനദ്ദേഹം നീലപ്പടയില്‍ തയ്യാറാക്കിവെച്ച സ്‌പെഷ്യല്‍ അറ്റാക്കിംഗ്‌ ത്രയമാണ്‌ ഫുള്‍ഹാമിനെതിരെ പുളച്ച്‌ കളിക്കുന്നത്‌ കണ്ടത്‌.