എറണാകുളം: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്എല്‍ ഫൈനലിന് ടിക്കറ്റില്ല. കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനല്‍ ആവേശത്തിന് കല്ലുകടിയായി മാറിയിരിക്കുകയാണ് ടിക്കറ്റ് ക്ഷാമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് കലൂര്‍ സ്‌റ്റേഡിയപരിസരത്ത് തമ്പടിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആയിരക്കണക്കിന് ഫൂട്‌ബോള്‍ ആരാധകരാണ് രണ്ട് ദിവസമായി കൊച്ചിയിലുള്ളത്. തങ്ങളുടെ പ്രിയി ടീം ബഌസ്‌റ്റേഴ്‌സ് ഫൈനല്‍ കളിക്കുന്നത് നേരിട്ടു കാണാനുള്ള ആഗ്രഹത്തിലെത്തിയ ഇവര്‍ക്ക് പക്ഷെ ടിക്കറ്റ് ക്ഷാമം മോഹഭംഗമായി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ കൗണ്ടറും ഐഎസ്എല്‍ അധികൃതര്‍ അടച്ചു. ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നെന്നാണ് ഇവര്‍ക്ക് കിട്ടിയ മറുപടി. ബഌക്കില്‍ എങ്കിലും ടിക്കറ്റ് വാങ്ങി കളി കണ്ടേ മടങ്ങു എന്ന വാശിയാലാണ് ചിലര്‍.
