കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍നിന്ന് പുതിയൊരു ടീമിനുകൂടി സാധ്യത തെളിയുന്നു. അടുത്ത സീസണില്‍ മൂന്നു പുതിയ ടീമുകളേക്കൂടി ഉള്‍പ്പെടുത്താന്‍ ഐഎസ്എല്‍ സംഘാടകര്‍ തീരുമാനിച്ചു. രാജ്യത്തെ പത്തു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരെ ലേലത്തിന് ക്ഷണിച്ച് ഐഎസ്എലിന്റെ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ജിഎല്‍) അറിയിപ്പു പ്രസിദ്ധീകരിച്ചു. ഈ പട്ടികയില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടതോടെയാണ് കേരളത്തില്‍നിന്ന് ഒരു ടീമിനുകൂടി സാധ്യത തെളിഞ്ഞത്.
2014ല്‍ ആരംഭിച്ച ഐഎസ്എലിന്റെ നാലാം പതിപ്പാണ് അടുത്ത വര്‍ഷം അരങ്ങേറുമ്പോള്‍ ടീമുകളുടെ എണ്ണം കൂട്ടാനാണ് ധാരണ. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഐഎസ്എല്‍. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, കട്ടക്ക്, ബെംഗളൂരു, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മെയ് 12 മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി. കേരളത്തിന്റെ സ്വന്തം ഐഎസ്എല്‍ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ആസ്ഥാനമായി പുതിയ ടീം ആരംഭിക്കാന്‍ വമ്പന്‍ കമ്പനികള്‍ എത്താനാണ് സാധ്യത. നിലവില്‍ ഐഎസ്എലില്‍ എട്ടു ടീമുകളാണ് ഉള്ളത്. പുതിയ മൂന്നു ടീമുകള്‍ കൂടി എത്തുന്നതോടെ ഐഎസ്എലില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 11 ആയി ഉയരും.
