കൊച്ചി: മാര്‍ക് സിഫ്നോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടതോടെ മഞ്ഞപ്പട ആരാധകര്‍ കലിപ്പില്‍. സീസണില്‍ മോശം പ്രകടനം കാഴച്ചവെക്കുന്ന ടീമിന് ലഭിച്ച ഇരുട്ടടിയാണ് സിഫ്നോസിന്‍റെ മടക്കമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. മാഞ്ചസ്റ്റര്‍ അടവുമായെത്തിയ പരിശീലകന്‍ റെനെ മ്യൂലസ്റ്റീന്‍ നേരത്തെ ക്ലബ് വിട്ടിരുന്നു. മാര്‍ക് സിഫ്നോസ് ക്ലബ് വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ പൊങ്കാലയുമായിറങ്ങി.

'കപ്പടിക്കണം, കലിപ്പടക്കണം' എന്നൊക്കെ വീരവാദം മുഴക്കിയെത്തിയ ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനത്തില്‍ ആരാധകര്‍ അത്ര സംതൃപ്തരല്ല. മൈക്കിള്‍ ചോപ്രയെ വിളിക്കാന്‍ ടാക്സിയുമായി പോയിട്ടുണ്ട് മാനേജ്മെന്‍റ് എന്ന് ഒരു ഒരു ആരാധകന്‍ കമന്‍റ് ചെയ്തു. മലയാളികള്‍ക്ക് തേപ്പ് പുത്തരിയല്ല, ആദ്യം ആശാന്‍ തേച്ചിട്ട് പോയി ഇപ്പോള്‍ 'താങ്കളും' എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്. 

പ്രൊമോ സോംഗില്‍ മുണ്ട് മടക്കിക്കുത്തണം എന്നതിന് പകരം മുണ്ടെടുത്ത് തലയിലൂടെ മൂടണം എന്നായിരുന്നു ആരാധകന്‍റെ ആവശ്യം. അതേസമയം തോറ്റമ്പുന്ന ടീമില്‍ നിന്ന് സിഫ്നോസെങ്കിലും പോയി രക്ഷപെടട്ടേ എന്നായി മറ്റൊരാള്‍. പോയവന്‍ പോയി ഇനി ആരെങ്കിലും കിട്ടുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.

എന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം ബോയ്ക്കോട്ട് ചെയ്യാന്‍ ആരാധകരോട് ആവശ്യപ്പെടുന്ന പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ 12-ാം താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞപ്പട ആരാധകര്‍ ഇടഞ്ഞത് ബ്ലാസ്റ്റേഴ്സിന് ക്ഷീണമാകുമെന്നുറപ്പ്.