കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പാകാതെ കിതയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കേ 21 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട. തുടര്‍തോല്‍വികളും സമനില കുരുക്കുമാണ് ബ്ലാസ്റ്റേഴ്സിന് സീസണില്‍ തിരിച്ചടിയായത്. കൂനിന്‍മേല്‍ കുരു പോലെ താരങ്ങളുടെ പരുക്കും ടീമിന് വെല്ലുവിളിയായി. 

സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം പരുക്കേറ്റ് നാട്ടിലേക്ക് പോയതോടെ അതും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി. എന്നാല്‍ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ചേ തീരൂ എന്നിരിക്കേ ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആരാധകര്‍ക്ക് നല്‍കുന്നത് വലിയ സന്തോഷ വാര്‍ത്ത. ഒറ്റ മത്സരം കൊണ്ട് ടീമിലെ ഹീറോയായ ദീപേന്ദ്ര സിംഗ് നേഗി പരുക്കില്‍ നിന്ന് തിരിച്ചെത്തി. 

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് നേഗി. ഐഎസ്എല്‍ അരങ്ങേറ്റത്തില്‍ ഗോള്‍ നേടുകയും ഒരു ഗോളിന് വഴുവെക്കുകയും ചെയ്തു ഈ യുവതാരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 17ന് നടക്കുന്ന മത്സരത്തില്‍ നേഗി കളിച്ചേക്കും. നേഗി തിരിച്ചെത്തിയാല്‍ ടീമിന് കരുത്താകുമെന്നുറപ്പ്.