ജെംഷഡ്പുർ: ഐ എസ് എല്ലിൽ വീണ്ടും ഗോൾരഹിത സമനില. ജെംഷഡ്പുർ-അത്‌ലറ്റിക്കോ ഡി കൊൽക്കത്ത മൽസരമാണ് ഗോൾരഹിത സമനിലയിൽ കലാശിച്ചത്. സ്വന്തം തട്ടകത്തിലെ ആനുകൂല്യം മുതലാക്കിയാണ് നന്നായി അധ്വാനിച്ച് കളിച്ച കൊൽക്കത്തയെ ജെംഷഡ്പുർ എഫ് സി തളച്ചത്. നേരത്തെ ബംഗളുരു എഫ് സിയോടേറ്റ തോൽവിയിൽനിന്ന് ഉണ‍ർന്നു കളിച്ച കൊൽക്കത്തയെയാണ് ഇന്നു കണ്ടത്. ബോൾ പൊസിഷനിലും പാസിങ്ങിലും മികച്ചുനിന്നെങ്കിലും ലക്ഷ്യം കാണുന്നതിൽ അവർ പിന്നോട്ടുപോയി. സമനിലയോടെ കൊൽക്കത്തയും ജെംഷഡ്പുരും ഓരോ പോയിന്റ് വീതം പങ്കിട്ടു. ലീഗിൽ മൂന്നു പോയിന്റുള്ള ജെംഷഡ്പുർ എഫ് സി അഞ്ചാം സ്ഥാനത്തും രണ്ടു പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ഒമ്പതാം സ്ഥാനത്തുമാണ്. ഡിസംബർ ആറിന് ഡൽഹി ഡൈനാമോസുമായാണ് ജെംഷഡ്പുർ എഫ് സിയുടെ അടുത്ത മൽസരം. ഡിസംബർ ഏഴിന് ചെന്നൈയിൻ എഫ് സിയുമായാണ് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ അടുത്ത കളി.