കൊച്ചി: കളിമികവില്‍ മാത്രമല്ല ആരാധക പിന്തുണയിലും കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു ക്ലബുകളെക്കാള്‍ ഒരുചുവട് മുമ്പില്‍. ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി കപ്പെടുക്കുമെന്ന് പറയുന്നതും തങ്ങളുടെ ആരാധക പിന്തുണയിലാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി 2.95 മില്യണ്‍ ഫോളോവേ‌ഴ്‌സുള്ള കേരള ബ്ലാസ്‌റ്റേഴ്‌സാണ് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ടീം.

സമൂഹമാധ്യമങ്ങളില്‍ രണ്ട് മില്യണ്‍ ആരാധകരുള്ള ഏക ക്ലബാണ് കേരള ബ്ലാസ്റ്റേ‌ഴ്‌സ്. രണ്ടാമതുള്ള എടികെക്ക് 1.68 മില്യണ്‍ ആരാധകരാണുള്ളത്. അതേസമയം ശരാശരി 48,000 കാണികള്‍ ബ്ലാസ്റ്റേ‌ഴ്‌സിന്‍റെ കളികാണാന്‍ സ്റ്റേഡിയത്തിലെത്തുന്നു. ഉടമ സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ സാന്നിധ്യവും ടീമിന് ആരാധകരെ കൂട്ടുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. 

ട്വിറ്ററില്‍ 1.6 മില്യണും ഇന്‍സ്റ്റാഗ്രാമില്‍ 333000 പേരും ഫേസ്ബുക്കില്‍ 1018238 ആളുകളും ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുന്നു. 1.08 മില്യണ്‍ ഫോളോവേഴ്സുള്ള ചെന്നൈയിന്‍ എഫ്‌സിയാണ് മൂന്നാമത്. ഐഎസ്എല്ലിന്‍റെ നാലാം സീസണിലും ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക കൂട്ടത്തിന് ഇടിവുവരില്ല എന്നാണ് വിലയിരുത്തല്‍.