കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നിൽ ജീവന്മരണപോരാട്ടത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പരാജയപ്പെട്ടാല്‍
ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും. ഇന്ന് വിജയിച്ച് മൂന്ന് പോയിന്‍റ് സ്വന്തമാക്കുക എന്നതിനേക്കാള്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്ന് മഞ്ഞപ്പടയുടെ പരിശീലകന്‍ ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 24 പോയിന്‍റുമായി അ‌ഞ്ചാം സ്ഥാനത്താണ് സീസണില്‍ ബ്ലാസ്റ്റേഴ്സ്. 

കൊച്ചിയില്‍ അവസാന ഹോം മാച്ച് കാണാന്‍ മഞ്ഞപ്പട ആരാധകര്‍ ഇരമ്പിയെത്തുമെന്ന് ഉറപ്പാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം നിര്‍ണായക മത്സരം വീക്ഷിക്കാന്‍ നിരവധി ചെന്നൈയിന്‍ ആരാധകരും കൊച്ചിയിലെത്തും. ആവേശം അലതല്ലുന്നതിനിടയില്‍ എതിര്‍ കാണികളോട് സംമ്യമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ്. 

ഐഎസ്എല്‍ നാലാം സീസണില്‍ വിവിധ മത്സരങ്ങളില്‍ എവേ ടീമിന്‍റെ ആരാധകര്‍ ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനാലാണ് 
കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിര്‍ദേശവുമായി മഞ്ഞപ്പട ഫാന്‍സ് എത്തിയത്. നേരത്തെ കൊച്ചിയില്‍ കളി കാണാനെത്തിയ ബെംഗളുരു എഫ്സിയുടെ വെസ്റ്റ് ബ്ലോക്കിന് ഗംഭീര വരവേല്‍പ് നല്‍കി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കയ്യടി നേടിയിരുന്നു.