കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ സെമിയറപ്പിക്കാന്‍ പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. മഞ്ഞപ്പടയുടെ അത്ഭുത യുവതാരം ദീപേന്ദ്ര നേഗിക്ക് പരിക്കേറ്റതാണ് പുതിയ പ്രതിസന്ധി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 47-ാം മിനുറ്റില്‍ തകര്‍പ്പന്‍ ഗോള്‍ നേടി ഐഎസ്എല്ലില്‍ അരങ്ങേറിയ താരമാണ് നേഗി. രണ്ടാം ഗോളിന് വഴിതുറന്നതും നേഗിയുടെ മികച്ച മുന്നേറ്റമായിരുന്നു.

കറേജ് പെക്കൂസണ്‍, ദിമിത്താര്‍ ബെര്‍ബറ്റോവ് അടക്കമുള്ള താരങ്ങള്‍ പരിക്കുമൂലം വലയുന്നതിനിടെയാണ് നേഗിക്ക് പരിക്കേറ്റത്. പൂനെയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ബഞ്ചിലിരുന്ന നേഗി കളിച്ചിരുന്നില്ല. സീസണില്‍ ഗോള്‍ നേടിയ പ്രായം കുറഞ്ഞ താരമാണ് 19കാരനായ നേഗി.

വിവിധ സ്‌പാനിഷ് ക്ലബുകള്‍ക്ക് കീഴില്‍ പരിശീലനം നേടിയിട്ടുള്ള നേഗി ഐഎസ്എല്ലിലെ ഭാവിതാരമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളി താരം റിനോ ആന്‍റോ അടക്കമുള്ള താരങ്ങള്‍ പരിക്കിന്‍റെ പിടിയില്‍ നിന്ന് ഇപ്പോളും മുക്തമായിട്ടില്ല. കൊല്‍ക്കത്തയ്ക്കെതിരെ എട്ടിന് നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങവേയാണ് നേഗിയ്ക്ക് പരിക്കേറ്റ വാര്‍ത്ത പുറത്തുവരുന്നത്.