കൊച്ചി: കോപ്പലാശാന്‍റെ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില. രണ്ടാം മത്സരത്തിലും ഗോള്‍ മാറിനിന്നപ്പോള്‍ കാണികളുടെ ആവേശം മാത്രമായി ചുരുങ്ങി കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം. മഞ്ഞക്കടലിന്‍റെ ആവേശത്തിന് മുന്നില്‍ ആദ്യ പകുതിയില്‍ മുട്ടുമടക്കാതെ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിലും ഗോള്‍ നേടാനായില്ല. 

മിന്നലാക്രമണങ്ങള്‍ നടത്താന്‍ മുന്‍നിരയും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മധ്യനിരയും മറന്നപ്പോള്‍ ബ്ലാസ്റ്റേഴ്സിന് രക്ഷകനായത് ഗോളി പോള്‍ റെബൂക്കയുടെ തകര്‍പ്പന്‍ പ്രകടനം. 30-ം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകടകരമായി പതിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി പോള്‍ റെബൂക്ക തട്ടിയകറ്റിയപ്പോള്‍ ഗ്യാലറിയില്‍ മഞ്ഞപ്പട ആര്‍ത്തിരമ്പി.

ഹെഡറിലൂടെ ഗോള്‍ നേടാനുള്ള സി.കെ വിനീതിന്‍റെ ശ്രമവും പാളി. 57-ാം മിനുറ്റില്‍ ലഭിച്ച സുവര്‍ണ്ണാവസരം ഇയാന്‍ ഹ്യൂം പാഴാക്കി. ഹ്യൂമിന്‍റെ ദുര്‍ബലമായ ഫ്രീകിക്കിന് ജെംഷഡ്പൂര്‍ എഫ്‌സി ഗോളിയെ പേടിപ്പെടുത്താനായില്ല. 66-ാം മിനുറ്റില്‍ ഹ്യൂമിന്‍റെ ശക്തമായ അടി നേരിയ വ്യത്യാസത്തില്‍ ബാറിന് വെളിയിലൂടെ കടന്നുപോയി.

മധ്യനിരയില്‍ ജാക്കിചന്ദ് സിംഗ് എത്തിയിട്ടും കേരള ബ്ലാസറ്റേഴ്സിന്‍റെ മുന്നേറ്റം ശക്തമായില്ല. മിസ് പാസുകളും ഒത്തൊരുമക്കുറവും കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിലും ഭീഷണിയായി. 90-ംാ മിനുറ്റില്‍ പോള്‍ റെബൂക്കയുടെ മിന്നല്‍ സേവ് ഇല്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. വോളിയിലൂടെ ഗോള്‍ നേടാനുള്ള ഏക ശ്രമം മാത്രമാണ് ബെര്‍ബറ്റോവില്‍ നിന്നുണ്ടായത്.