ഗുവാഹത്തി: ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. ഐഎസ്എല്ലിലെ കന്നിയങ്കത്തിനെത്തിയ കോപ്പലാശാന്‍റെ ജംഷഡ്പൂര്‍ എഫ്‌സിയെ വടക്കു കിഴക്കന്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു. സീസണിലെ ആദ്യ ചുവപ്പ് കാര്‍ഡോടെ ജംഷഡ്പൂര്‍ എഫ്‌സിയുടെ ആന്ദ്രേ ബിക്കേ 77-ാം മിനുറ്റില്‍ മൈതാനത്തിന് പുറത്തായി. ഉയര്‍ന്നുചാടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തിന്‍റെ തോളില്‍ ചവിട്ടിയതിനാണ് ബിക്കേക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 

കോപ്പലാശാന്‍റെ ജംഷഡ്പൂര്‍ എഫ്‌സിക്ക് മത്സരത്തിലുടനീളം കാലിടറുന്ന കാഴ്ച്ചയാണ് കണ്ടത്. ഗോളുന്നുറച്ച ഒരു ഷോട്ട് മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍മുഖത്തേക്ക് പായിക്കാനായത്. അതേസമയം ഉണര്‍ന്നുകളിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മികച്ച ബോള്‍ പൊസിഷനും പന്തടക്കവുമുണ്ടായിട്ടും അവസരങ്ങള്‍ മുതലാക്കാനായില്ല. ലഭിച്ച 10 കോര്‍ണ്ണര്‍ കിക്ക് അവസരങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പാഴാക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി.