കൊച്ചി: ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നിര്‍ണായക പെനാള്‍ട്ടി കറേജ് പെകൂസണ്‍ പാഴാക്കിയിരുന്നു. അതോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള അവസരമാണ് മഞ്ഞപ്പട കൈവിട്ടത്. വിജയിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ പെകൂസണെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെിയിരുന്നു.

എന്നാല്‍ നിര്‍ണായക മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയ പെകൂസണെ പിന്തുണച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജയിംസ്. ഹ്യൂം പരിക്കേറ്റ് മടങ്ങിയ ശേഷം പെനാല്‍റ്റി എടുക്കാന്‍ തയ്യാറായത് പെകൂസണ്‍ മാത്രമാണെന്ന് ഡേവിഡ് ജയിംസ് വെളിപ്പെടുത്തി. അതേസമയം പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യത ഉണ്ടെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിംഗാന്‍റെ പ്രതികരണം.

സീസണിന് മുന്‍പ് കൃത്യമായ തയ്യാറെടുപ്പിനുള്ള അവസരം കിട്ടിയാല്‍ മികച്ച ടീമിനെ രൂപപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് ഡേവിഡ് ജയിംസ് അവകാശപ്പെട്ടു.
അതേസമയം പെകൂസണ്‍ പെനാല്‍റ്റി എടുക്കാനുള്ള തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്ന് നായകന്‍ സന്ദേശ് ജിംഗാന്‍ വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ ബംഗളുരുവിനെ തോല്‍പ്പിച്ച് പ്ലേ ഓഫിലെത്താന്‍ ശ്രമിക്കുമെന്നും ജിംഗാന്‍ പറഞ്ഞു.