കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്‌പാനീഷ് സൂപ്പര്‍ മിഡ് ഫീള്‍ഡര്‍ വിക്ടര്‍ പുള്‍ഗ. ഒരു സീസണിന്‍റെ ഇടവേളയ്ക്ക് ശേഷം മഞ്ഞക്കുപ്പായത്തില്‍ മടങ്ങിയെത്തിയ പുള്‍ഗ അടുത്ത മത്സത്തില്‍ കളിച്ചേക്കും. സീസണിന്‍റെ അവസാന നിമിഷം ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച സൂപ്പര്‍ താരം കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ച്ചയില്‍ പൂര്‍ണസജ്ജനായിരുന്നില്ലെന്നും ഇപ്പോള്‍ മത്സരങ്ങള്‍ക്കായി തയ്യാറെടുത്തതായും പുള്‍ഗ പറഞ്ഞു. ടീമിനായി കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പുള്‍ഗ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിസ നേരത്തെ ലഭിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്കെതിരായ കളിയില്‍ തന്നെ മൈതാനത്ത് കാണാമായിരുന്നു. പോയിന്‍റ് പട്ടികയില്‍ ടീം മൂന്നിലല്ലെങ്കിലും സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ആരാധകരെ കാണാനാകുന്നത് ആവേശം പകരുന്നു.
താരമെന്ന നിലയില്‍ കരിയറിലെ മികച്ച അനുഭവം തനിക്ക് ലഭിച്ചത് ബ്ലാസ്റ്റേഴ്സിലാണ്. അതാനാല്‍ പ്രിയ ടീമില്‍ തിരിച്ചെത്താനായതില്‍ സന്തോഷവാനാണെന്നും പുള്‍ഗ പറഞ്ഞു. 17-ാം തിയ്യതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റെഡിനെതിരെ നടക്കുന്ന മത്സരത്തില്‍ പുള്‍ഗയെ പരിശീലകന്‍ ഡേവിഡ് ജെയിംസ് കളത്തിലിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014- 15 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായ 15 മത്സരളില്‍ ജഴ്സിയണിഞ്ഞ പുള്‍ഗ ഒരു ഗോള്‍ നേടിയിരുന്നു.
