തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തുരുപ്പുചീട്ടാണ് മധ്യപ്രദേശിന്റെ ജലജ് സക്സേന എന്ന അതിഥിതാരം. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പന്തുകൊണ്ടും ബാറ്റുകൊണ്ടും എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ജലജ് സക്സേന ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ടീം തന്നെയാണ്. ഈ രഞ്ജി സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുമായി(രാജസ്ഥാനെതിരായ മത്സരത്തിലെ എട്ടുവിക്കറ്റ് അടക്കം)വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥനത്താണ് ജലജ് സക്സേന. പ്രായം 30 ആയെങ്കിലും ഇന്ത്യന്‍ ടീം എന്ന ലക്ഷ്യം താന്‍ കൈവിട്ടിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജലജ് സക്സേന പറഞ്ഞു.
കേരളത്തെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സഹായിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുക്കുന്ന അസാമാന്യമികവ് രാജ്യത്തിനായി കളിക്കുക എന്ന തന്റെ സ്വപ്നം സഫലമാക്കുമെന്നാണ് ജലജിന്റെ പ്രതീക്ഷ. ജാര്‍ഖണ്ഡിനെതിരായ ആദ്യ മത്സരത്തിലും ജലജിന്റ ഓള്‍റൗണ്ട് മികവാണ് കേരളത്തെ ജയത്തിലെത്തിച്ചത്. മത്സരത്തില്‍ 11 വിക്കറ്റും നിര്‍ണായക അര്‍ധസെഞ്ചുറിയും(79) നേടിയാണ് ജലത് കേരളത്തിന്റെ വിജയശില്‍പിയായത്.
കഴിഞ്ഞ സീസണില്‍ വിരലിനേറ്റ പരിക്കാണ് തിരിച്ചടിയായതെന്ന് ജലജ് സക്സേന പറഞ്ഞു. പരിക്കിനുശേഷം പഴയ ഫോമില്‍ ബൗള്‍ ചെയ്യാനായില്ല. അതാണ് കഴിഞ്ഞ സീസണില്‍ തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ സക്സേനയുടെ മികവിലാണ് കേരളത്തിന്റെ മുന്നേറ്റം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 11 സെഞ്ചുറികളടക്കം 5000ത്തിലേറെ റണ്‍സും 250ന് അടുത്ത് വിക്കറ്റുകളും സക്സേനയുടെ പേരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടും ഇതുവരെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി സക്സേനയെ തേടിയെത്തിയിട്ടില്ല.
ഏതൊരു കളിക്കാരനെയുംപോലെ ഇന്ത്യന്‍ ടീം തന്നെയാണ് തന്റെ സ്വപ്നവും ലക്ഷ്യവുമെന്ന് സക്സേന വ്യക്തമാക്കി. ഈ സീസണിലെ മികവ് തുടര്‍ന്നാല്‍ തന്റെ സ്വപ്നം പൂവണിയുമെന്ന് സക്സേന പറഞ്ഞു. ബാറ്റുകൊണ്ടും ബോളു കൊണ്ടും സക്സേന മാജിക് തുടര്‍ന്നാല്‍ കേരളത്തിന്റെ എലൈറ്റ് സ്വപ്നങ്ങളും സഫലമാവും.
