ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാറായത് രണ്ടാം മല്‍സരം മാത്രം കളിക്കുന്ന ജേസന്‍ ബെറന്‍ഡോര്‍ഫ് എന്ന ബൗളറാണ്. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുന്‍നിരയെ തുടച്ചുനീക്കിയാണ് ബെറന്‍ഡോര്‍ഫ് വരവറിയിച്ചത്. രോഹിത് ശര്‍മ്മ(എട്ട്), ശിഖര്‍ ധവാന്‍(രണ്ട്), നായകന്‍ വിരാട് കോലി(പൂജ്യം), മനീഷ് പാണ്ഡേ(ആറ്) എന്നീ പ്രധാനപ്പെട്ട വിക്കറ്റുകളാണ് ബെറന്‍ഡോര്‍ഫ് സ്വന്തമാക്കിയത്. ഇതോടെ 4.3 ഓവറില്‍ നാലിന് 27 എന്ന നിലയില്‍ ഇന്ത്യ പരുങ്ങുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായാണ് ബെറന്‍ഡോര്‍ഫ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് വന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി കളിച്ച ബെറന്‍ഡോര്‍ഫ്, ന്യൂ സൗത്ത് വെയ്ല്‍സിനെതിരെ ഒരു ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയതോടെയാണ്, ക്രിക്കറ്റ് വിദഗ്ദ്ധരും മറ്റും ഈ ഇരുപത്തിയേഴുകാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടരെത്തുടരെ മിന്നുംപ്രകടനങ്ങള്‍ ബെറന്‍ഡോര്‍ഫില്‍നിന്ന് വന്നതോടെയാണ്, ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലേക്കുള്ള വിളി വന്നത്. റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ അരങ്ങേറുകയും ചെയ്തു. മഴ കാരണം വെട്ടിച്ചുരുക്കിയ ആ മല്‍സരത്തില്‍ ഒരു ഓവര്‍ മാത്രം എറിയാനാണ് ബെറന്‍ഡോര്‍ഫിന് സാധിച്ചത്. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ കോലി ഉള്‍പ്പടെയുള്ള വമ്പന്‍മാരെ പുറത്താക്കിക്കൊണ്ട് ബെറന്‍ഡോര്‍ഫ് ഓസീസ് ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കയാണെന്ന് പറയാം.