മെല്‍ബണ്‍: ആഷസിലേറ്റ ദയനീയ പരാജയത്തിന് ഓസ്ട്രേലിയയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് ആതിഥേയരെ തോല്‍പിച്ചു. ഓസ്ട്രേലിയ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം ജെയ്‌സണ്‍ റോയിയുടെ(151 പന്തില്‍ 180) ബാറ്റിംഗ് വെടിക്കെട്ടില്‍ ഇംഗ്ലണ്ട് ഒരോവര്‍ ബാക്കിനില്‍ക്കേ മറികടന്നു. ജെയ്സണ്‍ റോയിയും പുറത്താകാതെ 91 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 221 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് അനായാസം വിജയിച്ചു. 

ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റോയി വിജയലക്ഷ്യത്തിന് 24 റണ്‍സ് അകലെ പുറത്തായത് ഇംഗ്ലണ്ട് ആരാധകര്‍ക്ക് നിരാശയായി. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍കും പാറ്റ് കമ്മിണ്‍സും രണ്ട് വിക്കറ്റ് വീതവും മാര്‍ക്‌സ് സ്റ്റോണിസ് ഒരു വിക്കറ്റും നേടി. നേരത്തെ സെഞ്ചുറി നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്‍റെയും(107) അര്‍ദ്ധ സെഞ്ചുറി നേടിയ മാര്‍ക്‌സ് സ്റ്റോണിസിന്‍റെയും(60) ഷോണ്‍ മാര്‍ഷിന്‍റയും(50) മികവിലാണ് എട്ട് വിക്കറ്റിന് 304 റണ്‍സെന്ന മികച്ച സ്കോര്‍ നേടിയത്. 

ടീം പെയിന്‍ 27 റണ്‍സെടുത്തും നായകന്‍ സ്റ്റീവ് സ്മിത്ത് 23 റണ്‍സെടുത്തും പുറത്തായി. ഇംഗ്ലണ്ടിനായി ലിയാം പ്ലന്‍കെറ്റ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, മാര്‍ക് വുഡ്, മൊയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍റെയും മെല്‍ബണിലെയും ഉയര്‍ന്ന ഏകദിന സ്കോര്‍ നേടിയ ജെയ്സണ്‍ റോയിയാണ് കളിയിലെ താരം.