ജയ്പൂര്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ നോബോളെറിഞ്ഞ് വശംകെട്ട ജസ്പ്രീത് ബൂമ്രയ്ക്ക് നാണക്കേടായി ജയ്പൂര്‍ ട്രാഫിക് പോലീസിന്റെ പരസ്യം. ലൈന്‍ മുറിച്ചുകടക്കരുത്, മുറിച്ചു കടന്നാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് പറയുന്ന പരസ്യ വാചകത്തില്‍ ജസ്പ്രീത് ബൂമ്ര ഓവര്‍ സ്റ്റെപ്പ് ചെയ്ത് നോ ബോളെറിയുന്നതിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.
സീബ്രാ ലൈന്‍ മുറിച്ചുകടക്കാന്‍ തയാറായി നില്‍ക്കുന്ന രണ്ട് കാറുകളുടെ ചിത്രത്തിനൊപ്പമാണ് ബൂമ്ര നോബോളെറിയുന്ന ചിത്രവും അടിക്കുറിപ്പും നല്‍കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ ഫഖര്‍ സമാന്റെ വിക്കറ്റ് ബൂമ്ര തുടക്കത്തിലെ വീഴത്തിയിരുന്നെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതിനാല്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് ഫഖര്‍ സെഞ്ചുറി നേടി പാക്കിസ്ഥാന്റെ വമ്പന്‍ ടോട്ടലില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.
ബൂമ്രയുടെ നോബോളുകള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. മത്സരത്തിലാകെ നിരവധി തവണ ഓവര്‍ സ്റ്റെപ്പ് ചെയ്ത നോബോളെറിഞ്ഞ ബൂമ്ര കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോയതില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു.
