ന്യൂയോര്‍ക്ക്; ജമൈക്കന്‍ സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വിരമിക്കല്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ജസ്റ്റിന്‍ ഗാട്ട്ലിന്‍. ട്രാക്കില്‍ നിന്നു അധികനാള്‍ മാറി നില്‍ക്കാന്‍ ബോള്‍ട്ടിനാകില്ലെന്നും അമേരിക്കന്‍ സ്പ്രിന്‍റര്‍. ട്രാക്കിലെ യഥാര്‍ത്ഥ പോരാളിയാണ് ബോള്‍ട്ടെന്നും ജസ്റ്റിന്‍ ഗാട്ട്ലിന്‍ പറഞ്ഞു. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കാനാണ് 30കാരനായ ബോള്‍ട്ടിന്‍റെ തീരുമാനം. 100 മീറ്ററിലും 4x100 മീറ്റര്‍ റിലേയിലുമാണ് ബോള്‍ട്ട് ലണ്ടനില്‍ മല്‍സരിക്കുക.
എട്ട് ഒളിമ്പിക്സ് മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും ബോള്‍ട്ടിന്‍റെ പേരിലുണ്ട്. റിയോ ഒളിമ്പിക്സിലും കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളിലും ബോള്‍ട്ട് ഗാട്ട്ലിനെ 100,200 മീറ്ററുകളില്‍ തോല്‍പിച്ചിരുന്നു. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനെ തോല്‍പിച്ച ഏക അത്ലറ്റും ഗാട്ട്ലിനാണ്. 2005ലെ ഹെല്‍സിങ്കി ലോക ചാമ്പ്യന്‍ഷിപ്പിലാണ് ഗാട്ട്ലിന്‍ ബോള്‍ട്ടിനെ പരാജയപ്പെടുത്തിയത്.
ട്രാക്കിലെ അടുത്ത സൂപ്പര്‍ താരം ആരാകുമെന്ന ചോദ്യം തന്നെ അസ്വസ്തനാക്കുന്നുവെന്നാണ് ഗാട്ട്ലിന്‍ പറഞ്ഞത്. പുതിയ വേദികളില്‍ പുതിയ താരങ്ങള്‍ ഉയര്‍ന്നുവരുമെന്നും അവര്‍ മുന്നില്‍ നിന്നു നയിക്കുമെന്നുമാണ് മുന്‍ ലോകചാമ്പ്യന്‍റെ അഭിപ്രായം.
