ഇത്തവണയും മുംബൈ ഇന്ത്യൻസിനെ മറികടക്കാതെ സുവര്‍ണ കിരീടത്തില്‍ തൊടാമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. കിരീടം പ്രതിരോധിക്കാൻ പ്രാപ്തരാണോ ഹര്‍മൻ നയിക്കുന്ന മുംബൈ?
മുംബൈ ഇന്ത്യൻസ്, ആകാശത്തിന് കീഴിലുള്ള ഏത് ടി20 ലീഗും മൈതാനവും അവര്‍ക്ക് സമമാണ്. ഐതിഹാസിക ബ്ലു ആൻഡ് ഗോള്‍ഡ് ധരിച്ചിറങ്ങുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം, കിരീടം. കളമൊരുങ്ങിയിരിക്കുന്നു, വനിത പ്രീമിയര്‍ ലീഗിന് വെള്ളിയാഴ്ച കൊടിയേറും, കുട്ടിക്രിക്കറ്റ് പൂരത്തില്‍ തിടമ്പേറ്റി തല ഉയര്‍ത്തി നില്‍ക്കുന്നത് ഹര്‍മൻപ്രീത് കൗറിന്റെ സംഘം തന്നെയാണ്. മൂന്ന് സീസണുകളില്‍ നിന്ന് രണ്ട് കിരീടങ്ങള്‍ നേടിയ ടീം. ഇത്തവണയും മുംബൈയെ മറികടക്കാതെ സുവര്‍ണ കിരീടത്തില്‍ തൊടാമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. കിരീടം പ്രതിരോധിക്കാൻ പ്രാപ്തരാണോ ഹര്‍മൻ നയിക്കുന്ന മുംബൈ?
താരലേലത്തിന് ശേഷമുള്ള ആദ്യ ഡബ്ല്യുപിഎല്ലാണ്. പോയ സീസണുകളില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാത്ത സംഘമാണ് മുംബൈയുടേത്. ഫ്രാഞ്ചൈസിക്ക് കീഴിലുള്ള ഏത് ടീമുമായിക്കൊള്ളട്ടെ, കോർ താരങ്ങളേയും മാച്ച് വിന്നേഴ്‌സിനേയും കൈവിടാൻ മുംബൈ തയാറായ ചരിത്രമില്ല. ഡബ്ല്യുപിഎല്ലിലും അത് ആവര്‍ത്തിച്ചിരിക്കുന്നു. 2025 സീസണിലുണ്ടായിരുന്ന 18 താരങ്ങളില്‍ പത്ത് പേരെയും മുംബൈ ടീമില്‍ നിലനിർത്തിയിട്ടുണ്ട്.
ഹർമൻപ്രീത് കൗര്‍, നാറ്റ് സീവര്‍ ബ്രന്റ്, ഹെയ്‌ലി മാത്യൂസ്, അമേലി കേര്‍, ഷബ്നം ഇസ്‌മയില്‍, അമൻജോത് കൗര്‍, മലയാളി താരം സജന സജീവൻ, സെയ്‌ക ഇഷാഖ്, ജി കമിലീനി, സൻസ്കൃതി ഗുപ്ത എന്നിവരാണ് നിലനിര്‍ത്തിയവരും ലേലത്തില്‍ തിരിച്ചെടുത്തവരും. നിക്കോള കാരി, മില്ലി ഇലിങ്‌വര്‍ത്ത് എന്നീ ഓസീസ് പേസര്‍മാരും ത്രിവേണി വസിസ്ത, ക്രാന്തി റെഡ്ഡി, പൂനം ഖംനാര്‍, റാഹില ഫിര്‍ദോസുമാണ് പുതുതായി മുംബൈ ജഴ്‌സിയണിയുക.
എന്താണ് മുംബൈയുടെ കരുത്ത്, അത് സ്ക്വാഡ് ഡെപ്ത് തന്നെയാണ്. ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് മുംബൈ. ഹര്‍മൻപ്രീത്, നാറ്റ് സീവര്‍, ഹെയ്‌ലി മാത്യൂസ്, അമേലി, അമൻജോത്, സജന...നാല് ഓവറുകള്‍ എറിയാൻ കെല്‍പ്പുള്ളതും ട്വന്റി 20ക്ക് അനുയോജ്യമായി ബാറ്റ് ചെയ്യാൻ കഴിയുന്നവരുമാണ് മേല്‍പ്പറഞ്ഞവരെല്ലാവരും. ബാറ്റുകൊണ്ട് പരാജയപ്പെട്ടാല്‍ പന്തുകൊണ്ട് തിരിച്ചുവരുമെന്ന് ഉറപ്പുള്ളവര്‍. ഇതില്‍ ഏറ്റവും പ്രധാനികള്‍ ഹെയ്‌ലിയും നാറ്റ് സീവറും അമേലിയുമാണ്. മുംബൈ നേടിയ രണ്ട് കിരീടങ്ങളിലും നിര്‍ണായകമായവര്‍.
ഹെയ്‌ലിയുടെ ഡബ്ല്യുപിഎല്ലിലെ നേട്ടം 758 റണ്‍സും 41 വിക്കറ്റുമാണ്. നാറ്റ് സീവര്‍ 1027 റണ്‍സും 32 വിക്കറ്റും. അമേലി 437 റണ്‍സും 40 വിക്കറ്റും. അമൻജോതും സജനയും ലോവര്‍ ഓര്‍ഡറിലിറങ്ങുന്നതിനാല്‍ ക്യാമിയോ റോളിന് അനുയോജ്യരാണ്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മേല്‍പ്പറഞ്ഞവര്‍ സുപ്രധാന പങ്കുവഹിക്കുന്നിടത്തേക്കാണ് ഡബ്ല്യുപിഎല്ലില്‍ അസാധാരണ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൂടി ചേര്‍ക്കപ്പെടുന്നത്. കേവലം 27 മത്സരങ്ങളില്‍ നിന്ന് 143 സ്ട്രൈക്ക് റേറ്റില്‍ 851 റണ്‍സാണ് ലീഗിലെ ഹര്‍മന്റെ നേട്ടം, എട്ട് അര്‍ദ്ധ സെഞ്ചുറികളും. ഓസീസ് ഇതിഹാസം മെഗ് ലാനിങ്ങിന് ശേഷം ഏറ്റവുമധികം 50 പ്ലസ് സ്കോറുകളുള്ളതും ഹര്‍മനാണ്.
ബാറ്റിങ് നിരയിലെ ഏറ്റവും വലിയ ആശങ്ക ഹെയ്‌ലി മാത്യൂസിനൊപ്പം ആര് ഓപ്പണറാകുമെന്നതായിരുന്നു. പതിനേഴുകാരിയായ ജി കമിലീനി ആ റോള്‍ വഹിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഹര്‍മനും ഹെയ്‌ലിക്കും നാറ്റ് സീവറിനുമൊപ്പം മുംബൈ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരം കൂടിയായിരുന്നു കമിലീനി. താരത്തില്‍ എത്രത്തോളം പ്രതീക്ഷ മുംബൈ വെക്കുന്നുണ്ട് എന്നതിനുകൂടി ഇത് ഉദാഹരണമാണ്. അടുത്തിടെ അവസാനിച്ച ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ കമിലീനി അരങ്ങേറുകയും ചെയ്തിരുന്നു.
ബാറ്റിങ് നിരയും ഓള്‍ റൗണ്ടര്‍മാരും മാത്രമല്ല, മുംബൈയുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റും ശക്തരാണ്. ദക്ഷിണാഫ്രിക്കൻ ഇതാഹാസം ഷബ്നിമാണ് ബൗളിങ് നിരയെ നയിക്കുന്നത്. മുംബൈക്കായി 20 വിക്കറ്റുകളാണ് ഇതുവരെ വലം കയ്യൻ പേസര്‍ നേടിയിട്ടുള്ളത്. എന്നാല്‍, താരത്തിന്റെ എക്കണോമി കേവലം 6.83 മാത്രമാണ്. പതിവുപോലെ സെയ്‌കയും അമേലിയും ഹെയ്‌ലിയുമായിരിക്കും മുംബൈയുടെ സ്പിൻ ത്രയം. ആദ്യ സീസണില്‍ മുംബൈക്കായി തിളങ്ങിയ സെയ്‌കയ്ക്ക് പിന്നീട് കാര്യമായ മികവ് പുലര്‍ത്താനായിട്ടില്ല, തന്റെ ഫോം തെളിയിക്കാനുള്ള അവസരം കൂടിയായിരിക്കും ഈ സീസണ്‍.
മില്ലിയേയും ബൗളിങ് നിരയില്‍ പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍, എല്ലാ മത്സരങ്ങളിലും അവസരമുണ്ടായേക്കില്ല. അമേലി, ഹെയ്‌ലി, നാറ്റ് സീവര്‍, ഷബ്നിം എന്നിവര്‍ തന്നെയായിരിക്കും അന്തിമ ഇലവനിലെത്തുന്ന നാല് വിദേശതാരങ്ങള്‍. ഷബ്നിമിന്റെ അഭാവത്തിലായിരിക്കും മില്ലിക്ക് ഇടമുണ്ടാകുക. എക്‌സ്പ്ലോസീവ് ടോപ് ഓര്‍ഡര്‍, വെല്‍ ബാലൻസ്‌ഡ് മിഡില്‍ ഓര്‍ഡര്‍, പവര്‍ ഹിറ്റേര്‍സ് അടങ്ങിയ ലോവര്‍ ഓര്‍ഡര്‍, വിക്കറ്റ് ടേക്കിങ് ബൗളര്‍സ്. മുംബൈ ഈസ് ദ ടീം ടു ബീറ്റ്.


