സ്മിത്തിന്‍റെ വിക്കറ്റ് വീഴ്ത്തിയ ശേഷം റബാഡ നടത്തിയ ആഘോഷം വിവാദമായി
പോര്ട്ട് എലിസബത്ത്: ടെസ്റ്റ് ക്രിക്കറ്റില് ഏതൊരു ബൗളറും കൊതിക്കുന്ന വിക്കറ്റാണ് ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന്റെത്. ടെസ്റ്റില് അതിവേഗം റണ്ണൊഴുക്കുന്ന സ്മിത്തിനെ പിടിച്ചുകെട്ടുക ബൗളര്മാര്ക്ക് അത്ര എളുപ്പമല്ല എന്നതുതന്നെ കാരണം. അതിനാല് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന് പേസര് കഗിസോ റബാഡയ്ക്ക് ആഹ്ലാദമടക്കാനായില്ല.
ഓസീസ് ഇന്നിംഗ്സിലെ 52-ാം ഓവറിലെ അവസാന പന്തില് സ്കോര് 25ല് നില്ക്കേ എല്ബിഡബ്ലുവില് കുടുങ്ങി സ്മിത്ത് പുറത്താവുകയായിരുന്നു. കളിക്കളത്തിലെ സ്വഭാവദൂഷ്യത്തിന് പലകുറി പഴികേട്ടിട്ടുള്ള റബാഡ വിക്കറ്റെടുത്ത ശേഷം തന്റെ കലിപ്പ് മുഴുവന് പുറത്തെടുത്താണ് ആഹ്ലാദം പ്രകടിപ്പിച്ചത്. അലറിക്കൊണ്ട് നടന്നുചെന്ന് തോളില് തട്ടിയാണ് സ്മിത്തിനെ റബാഡ പവലിയനിലേക്ക് മടക്കിയത്. എന്നാല് സംഭവം അംപയറെ അപ്പോള് തന്നെ സ്മിത്ത് അറിയിച്ചു.
സ്മിത്തിന്റെ വിക്കറ്റ് വീണതോടെയാണ് ഓസീസ് കൂട്ടക്കുരുതിയാരംഭിച്ചത്. അതേസമയം റബാഡ അവിടെനിന്ന് അഞ്ച് വിക്കറ്റിലേക്കുള്ള ജൈത്രയാത്ര തുടങ്ങുകയും ചെയ്തു. സ്മിത്ത് പുറത്താകുമ്പോള് നാലിന് 161 റണ്സ് എന്ന നിലയിലായിരുന്നു സന്ദര്ശകര്. എന്നാല് 82 റണ്സ് കൂട്ടിച്ചേര്ക്കുന്നതിനിടെ ഓസീസ് ഓള്ഔട്ടായി. ഇന്നിംഗ്സില് 21 ഓവറില് 96 റണ്സ് വിട്ടുകൊടുത്താണ് റബാഡ അഞ്ച് വിക്കറ്റ് കെയ്തത്.
