മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വെല്ലുവിളിച്ച് വിനോദ് കാംബ്ലി. സഞ്ജുവിനെ കമന്റേറ്റര്‍മാര്‍ പുകഴ്ത്തുന്നതിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് ശേഷമാണ് രണ്ടാമത്തെ ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ താരമെത്തിയത്. ട്വീറ്റില്‍ പറയുന്നതിങ്ങനെ...

ഞാന്‍ അവനെ പരസ്യമായി വെല്ലുവിളിക്കുന്നു. ക്രിക്കറ്റ് ആരാധകര്‍ പറയുന്നത് പോലെ അയാളൊരു ക്ലാസ് ക്രിക്കറ്റ് താരമാണെങ്കില്‍ ഒരു സെഞ്ചുറി നേടുന്നത് എനിക്കൊന്ന് കാണണം. അല്ലെങ്കില്‍, എത്ര സമയം സഞ്ജുവിന്റെ തലയില്‍ ആ ഓറഞ്ച് ക്യാപ്പ് ഇരിക്കുന്നതെന്ന് കാണണം. ഇതു രണ്ടും സഞ്ജുവിനെക്കൊണ്ട് സാധിച്ചാല്‍ ഞാന്‍ സമ്മതിക്കാം, അവന് സ്‌പെഷ്യല്‍ ആയിട്ട് എന്തെങ്കിലും ലഭിച്ചിട്ടുണ്ടെന്ന്. എല്ലാവിധ ആശംസകളും സഞ്ജു... എന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്... 

സിനിമ സീരിയല്‍ താരം കിഷോര്‍ സത്യ കാംബ്ലിക്ക് മറുപടിയുമായി രംഗത്തെത്തി. നമുക്ക് കാത്തിരുന്ന് കാണാം മിസ്റ്റര്‍ കാംബ്ലി... ഐപിഎല്ലില്‍ ഇനിയും ഒരുപാട് ദിനങ്ങള്‍ വരാനുണ്ട്. നിങ്ങള്‍ കണ്ണയ്ക്കാതിരിക്കുക...

നിരവധി പേരാണ് കാംബ്ലിക്ക് മറുപടിയുമായി രംഗത്തെത്തിയത്. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട ഒരാളാണ് താങ്കളെന്നും, നിങ്ങളില്‍ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്രിക്കറ്റ് ആരാധകര്‍ മറുപടി നല്‍കി. എന്നാല്‍ കാംബ്ലിക്ക് മറുപടി നല്‍കിയ പലരേയും മുന്‍ താരം ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. മാത്രമല്ല, കാംബ്ലിയുെട റിപ്ലെ ട്വീറ്റുകളിലും ഒരുപാട് പരിഹാസം നിറഞ്ഞ് നില്‍ക്കുന്നു.