മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കണമെന്ന മുന്‍ താരങ്ങളുടെ അഭിപ്രായം തള്ളി കപില്‍ ദേവ്. ടീമില്‍ ധോണിയുടെ സ്ഥാനം സുരക്ഷിതമായതിനാല്‍ മറ്റാരുടെയും പിന്തുണ ആവശ്യമില്ലെന്ന് കപില്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ പരമ്പയില്‍ കുറഞ്ഞ സ്കോറിന്‍റെ പേരില്‍ ധോണി വിരമിക്കണമെന്ന് വി.വി.എസ് ലക്ഷ്മണും അജിത് അഗാക്കറും ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ മുന്‍ നായകന് പിന്തുണയുമായി കോലിയും പരിശീലകന്‍ രവി ശാസ്ത്രയും രംഗത്തെത്തിയിരുന്നു. ധോണിയുടെ ശരാശരി ഒരുപാട് താരങ്ങളെക്കാള്‍ അധികമാണ്. ധോണിയെ വിമര്‍ശിക്കുന്നത് അനീതിയാണ്. ധോണിക്കറിയാം എങ്ങനെയാണ് ടീമില്‍ സ്ഥാനമുറപ്പിക്കേണ്ടതെന്ന്. അതിനാല്‍ നായകന്‍ വിരാട് കോലിയുടെ പിന്തുണ പോലും ധോണിക്ക് ആവശ്യമില്ലെന്നും കപില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ ഇനത്യ പരാജയപ്പെട്ട രണ്ടാം ട്വന്‍റി20യില്‍ 37 പന്തില്‍ 49 റണ്‍സ് മാത്രമാണ് ഫിനിഷറായ ധോണിക്ക് നേടാനായത്. അതേസമയം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പയില്‍ 25, 18, 25 എന്നിങ്ങനെയായിരുന്നു സ്കോര്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധോണി മാറിചിന്തിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ആവശ്യപ്പെട്ടിരുന്നു.