ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച കരുണ്‍ നായരും ഇന്ത്യയും പിന്നിട്ടത് ഒരുപിടി നാഴികക്കല്ലുകള്‍. ടെസ്റ്റില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനും പോലും കഴിയാത്ത നേട്ടമാണ് മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി തന്നെ ട്രിപ്പിളാക്കി മാറ്റി കരുണ്‍ നേടിയത്. കരുണും ഇന്ത്യയും പിന്നിട്ട നാഴികക്കല്ലുകള്‍.

കരുണ്‍ നേടിയ 303 റണ്‍സ് അഞ്ചാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്. 2008ല്‍ ഓസ്ട്രേലിയക്കെതിരെ വിവിഎസ് ലക്ഷ്മണ്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡാണ് കരുണ്‍ മറികടന്നത്.

കരുണ്‍ നേടിയ 303 റണ്‍സ് ടെസ്റ്റഅ ചരിത്രിത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വീരേന്ദര്‍ സെവാഗ് നേടിയി 319 റണ്‍സാണ് ടെസ്റ്റില്‍ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്കോറും വീരുവിന്റെ പേരില്‍തന്നെയാണ്.

ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്തിറങ്ങി ട്രിപ്പിളടിക്കുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് കരുണ്‍. മൈക്കല്‍ ക്ലാര്‍ക്ക്, ഡോണ്‍ ബ്രാഡ്മാന്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് മറ്റുമൂന്നുപേര്‍.

79.52 സ്ട്രൈക്ക് റേറ്റില്‍ ട്രിപ്പിള്‍ തികച്ച കരുണിന്റേത് ട്രിപ്പിള്‍ സെഞ്ചുറിക്കാരിലെ മൂന്നാമത്തെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണ്. സെവാഗും മാത്യു ഹെയ്ഡനും മാത്രമാണ് സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ കരുണിന് മുന്നിലുള്ളത്.

ഫസ്റ്റ് ക്ലാസ് കരിയറില്‍ കരുണ്‍ നേടുന്ന രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനെതിരെയാണ് കരുണിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍.
ചെന്നൈയില്‍ നേടിയ 759 റണ്‍സ് ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ്. 2009ല്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 726/6  ആയിരുന്നു ഇതിനുമുമ്പത്തെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.