തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി. വിനോദ്‌ കുമാര്‍ അറിയിച്ചു. മത്സരത്തിന്റെ കോംപ്ലിമെന്ററി പാസുകള്‍ 
ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ്‌ വിറ്റ ശേഷമാണ്‌ ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ വഴി നേരിട്ടുള്ള വില്‍പ്പന തുടങ്ങിയത്‌. ബാഹ്യ ഇടപെടലോ വിവാദങ്ങളോ ഉണ്ടാക്കാനിടയാക്കാത്ത തരത്തിലാണ്‌ വില്‍പ്പന നടത്തിയത്‌. ചില സ്‌ഥാപനങ്ങള്‍ ലക്കി കൂപ്പണുകളായും സാധനങ്ങള്‍ പര്‍ച്ചേസ്‌ ചെയ്യുന്ന വകയില്‍ ടിക്കറ്റ്‌ ലഭിക്കുമെന്നും പരസ്യം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും കെ.സി.എയുടെ അറിവോടെയല്ല. ഇത്തരം സ്‌ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ അയയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്‌. സ്‌റ്റേഡിയത്തില്‍ വൈകുന്നേരം നാലു മണിമുതല്‍ കാണികളെ പ്രവേശിപ്പിക്കും.