നദിയാഡ്: രഞ്ജി ട്രോഫിയില്‍ രണ്ടാമത്തെ മല്‍സരത്തില്‍ കേരളം, ഗുജറാത്തിനെതിരെ 208 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിനുവേണ്ടി 51 റണ്‍സെടുത്ത സ‌ഞ്ജു വി സാംസണും 49 റണ്‍സെടുത്ത സച്ചിന്‍ ബേബിയുമാണ് തിളങ്ങിയത്. ആദ്യ മല്‍സരത്തിലെ ഹീറോ ജലജ് സക്‌സേന 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 83 പന്ത് നേരിട്ട സ‌ഞ്ജു ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഉള്‍പ്പടെയാണ് 51 റണ്‍സെടുത്തത്. 80 പന്തില്‍നിന്നാണ് സച്ചിന്‍ബേബി 49 റണ്‍സെടുത്തത്. ഗുജറാത്തിനുവേണ്ടി മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള അഞ്ചു വിക്കറ്റെടുത്തു. സിദ്ദാര്‍ത്ഥ ദേശായ് മൂന്നു വിക്കറ്റും ചിന്തന്‍ ഗജ രണ്ടു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങില്‍ രണ്ടിന് 60 എന്ന നിലയിലാണ് ഗുജറാത്ത്. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ 26 റണ്‍സോടെ സമിത് ഗോഹലും രണ്ടു റണ്‍സോടെ ചിന്തന്‍ ഗജയുമാണ് ക്രീസില്‍. കേരളത്തിനുവേണ്ടി അക്ഷയ് ചന്ദ്രന്‍, എം ഡി നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.