തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ കരുത്തരായ ജാര്‍ഖണ്ഡ് തകര്‍ന്ന് തരിപ്പണമായി. സീസണിലെ ആദ്യ മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ ഇന്നിംഗ്സില്‍ 57 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ ധോണിയുടെ നാട്ടുകാരെ 89 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. വിജയലക്ഷ്യമായ 33 റണ്‍സ് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ കേരളം മറികടക്കുകയായിരുന്നു.

സ്‌കോര്‍- ജാര്‍ഖണ്ഡ്- 202 & 89, കേരളം- 259 & ഒന്നിന് 34

ആദ്യ ഇന്നിംഗ്സിലെ മിന്നുംപ്രകടനം രണ്ടാം ഇന്നിംഗ്സിലും കേരളത്തിന്റെ ഇറക്കുമതി താരം ജലജ് സക്‌സേന തുടരുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത സക്സേനയുടെ ബൗളിംഗ് മികവാണ് ജാര്‍ഖണ്ഡിനെ തകര്‍ത്തത്. കേരളത്തിനുവേണ്ടി മോനിഷ് നാലു വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റെടുത്ത മധ്യപ്രദേശുകാരന്‍ സക്‌സേന മല്‍സരത്തില്‍ 11 വിക്കറ്റുകള്‍ സ്വന്തമാക്കി. 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൗരഭ് തിവാരിക്ക് മാത്രമാണ് ജാര്‍ഖണ്ഡ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. 33 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റുചെയ്ത, കേരളം അഞ്ചു ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. തമിഴ്‌നാട്ടുകാരന്‍ അരുണ്‍ കാര്‍ത്തിക്ക് 27 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത ജലജ് സക്‌സേനയാണ് മാന്‍ ഓഫ് ദ മാച്ച്.

ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ആറു പോയിന്റോടെ കേരളം രണ്ടാമതാണ്. ഹരിയാനയെ ബോണസ് പോയിന്റോടെ തോല്‍പ്പിച്ച സൗരാഷ്‌ട്ര ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

ഗുജറാത്തിനെതിരെ ഒക്‌ടോബര്‍ 14 മുതലാണ് കേരളത്തിന്റെ അടുത്ത മല്‍സരം. ഗുജറാത്തിലെ നഡിയാഡില്‍വെച്ചാണ് കളി നടക്കുക.