തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മിന്നുംപ്രകടനം തുടരുന്നു. കളിച്ച നാലു കളികളിലും മൂന്നാം ജയം നേടിയ കേരളം ഇപ്പോള്‍ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. 238 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ജമ്മു കശ്‌മീരിനെ വെറും 79 റണ്‍സിനാണ് കേരള ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടിയത്. ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ സ്‌പിന്നര്‍ അക്ഷയ്‌യുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് കേരളത്തിന് ഗംഭീര വിജയം സമ്മാനിച്ചത്. 17 റണ്‍സെടുത്ത പര്‍വേസ് റസൂലാണ് കശ്‌മീരിന്റെ ടോപ്‌ സ്‌കോറര്‍. കശ്‌മീര്‍ നിരയില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. കെ സി അക്ഷയ് മല്‍സരത്തില്‍ ഉടനീളം ഒമ്പത് വിക്കറ്റ് സ്വന്തമാക്കി. നിധീഷ്, ജോസഫ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ജമ്മു കശ്‌മീര്‍ ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ പര്‍വേസ് റസൂല്‍ മല്‍സരത്തില്‍ 11 വിക്കറ്റ് സ്വന്തമാക്കി.

സ്കോര്‍- കേരളം 219 & 191, ജമ്മു കശ്‌മീര്‍ 173 & 73

നാലു കളികളില്‍ മൂന്നു വിജയം ഉള്‍പ്പെടെ 18 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനത്താണു കേരളം. എന്നാല്‍ വെറും രണ്ടു കളികളില്‍ 14 പോയിന്റ് സ്വന്തമാക്കിയ സൗരാഷ്‌ട്ര കേരളത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ.

സൗരാഷ്‌ട്രയ്ക്കെതിരെ നവംബര്‍ 17ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ അടുത്ത കളി