പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ കേരളം, റെയില്‍വേസിനെ 4-2ന് തോല്‍പ്പിച്ചു. ജോബി ജസ്റ്റിന്റെ ഹാട്രിക് ആണ് കേരളത്തിന് മികച്ച ജയം സമ്മാനിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി റെയില്‍വേസാണ് ആദ്യം ലീഡ് നേടിയത്. മലയാളി താരം രാജേഷാണ് റെയില്‍വേസിനെ മുന്നിലെത്തിച്ചത്. കേരളത്തിന്റെ പ്രതിരോധ പിഴവാണ് റെയില്‍വേസിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ ലീഡ് വഴങ്ങിയതോടെ സട കുടഞ്ഞ് എഴുന്നേറ്റ കേരളം തിരിച്ചടി നല്‍കി. ഇരുപത്തിയൊന്നാം മിനിട്ടില്‍ ജോബിയുടെ ഗോളില്‍ ഒപ്പമെത്തിയ കേരളം ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ലീഡെടുത്തു. ഇത്തവണയും ലക്ഷ്യം കണ്ടത് ജോബിയാണ്. ഫ്രീകിക്കിലൂടെയായിരുന്നു രണ്ടാം ഗോള്‍. രണ്ടാം പകുതിയില്‍ ജോബി ഹാട്രിക് തികച്ചതോടെ കേരളം 3-1ന് മുന്നിലെത്തി. ക്യാപ്റ്റന്‍ ഉസ്‌മാനിലൂടെ കേരളം പട്ടിക തികച്ചു(4-1). ഹെഡറിലൂടെയായിരുന്നു ഉസ്‌മാന്റെ ഗോള്‍. കേരളം നേടിയ നാലു ഗോളില്‍ മൂന്നെണ്ണവും ഹെഡറിലൂടെയായിരുന്നു. ഒടുവില്‍ രാജേഷ് ഡബിള്‍ തികച്ചതോടെ റെയില്‍വേസ് തോല്‍വിയുടെ ഭാരം കുറച്ചു(4-2). സന്തോഷ് ട്രോഫിയില്‍ റെയില്‍വേസിന്റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മല്‍സരത്തില്‍ പഞ്ചാബിനോട് റെയില്‍വേസ് തോറ്റിരുന്നു. ഈ തോല്‍വിയോടെ റെയില്‍വേസിന്റെ സാധ്യത അവസാനിച്ചു. കേരളത്തിന് പഞ്ചാബിനെതിരായ മല്‍സരം അതീവ നിര്‍ണായകമായി മാറി. പഞ്ചാബിനെതിരെ ജയിച്ചാല്‍ കേരളത്തിന് സെമിയിലെത്താനുള്ള സാധ്യത വര്‍ദ്ധിക്കും.