കൊച്ചി: ഈ വര്‍ഷത്തെ മികച്ച കായികതാരത്തിനുള്ള പുരസ്കാരത്തിന് കേരള ബ്ലാസ്‌റ്റ‌േ‌ഴ്‌സ് താരം സന്തോഷ് ജിംഗാന് നാമനിര്‍ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും വ്യവസായ പ്രമുഖനായ സഞ്ജീവ് ഗോയങ്കയും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കായിക രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് അഞ്ച് കാറ്റഗറികളിലായാണ് പുരസ്കാരം നല്‍കുക. ഇന്ത്യന്‍ ബാറ്റ്മിന്‍റന്‍ ഇതിഹാസം പുല്ലേല ഗോപീചന്ദാണ് ജൂറി അധ്യക്ഷന്‍.

ഐഎസ്എല്ലിലെ വിലപിടിപ്പുള്ള ഇന്ത്യന്‍ താരമായ ജിങ്കാനെ 3.6 കോടി നല്‍കിയാണ് ബ്ലാസ്‌റ്റേ‌ഴ്സ് ടീമില്‍ നിലനിര്‍ത്തിയത്. ബംഗളുരു എഫ്‌സിക്ക് ഫെഡറേഷന്‍ കപ്പ് കിരീടം നേടിക്കൊടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ജിങ്കാനൊപ്പം ക്രിക്കറ്റ് താരങ്ങളായ ജസ്‌പ്രീത് ബൂമ്രയും ഹര്‍മന്‍പ്രീത് സിംഗും ജിംനാസ്റ്റിക്സ് താരം ദീപാ കര്‍മാകറും പട്ടികയിലുണ്ട്. 2014ല്‍ രാജ്യത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുരസ്കാരവും ഐഎസ്‌എല്ലിലെ ഭാവിതാരത്തിനുള്ള പുരസ്കാരവും സന്തോഷ് ജിങ്കനായിരുന്നു.

പോപ്പുലര്‍ ചോയ്‌സ് കാറ്റഗറിയില്‍ ആരാധകര്‍ക്കും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരവുമുണ്ട്. 2016 ആഗസ്‌റ്റ് ഒന്ന് മുതല്‍ 2017 ജൂലൈ 31 വരെയുള്ള പ്രകടനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. നവംബര്‍ 11ന് മുംബൈയില്‍ കായിരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരം പ്രഖ്യാപിക്കും.