ഗുവഹത്തി: കേരള ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരേ പരാതിയുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗുവഹത്തിയില്‍ നടന്ന മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ കശപിശയുണ്ടായപ്പോള്‍ ഗ്രൗണ്ടിലിറങ്ങി ടീമിന്‍റെ മുഖ്യ പരിശീലകന്‍ അവ്‌റം ഗ്രാന്‍ഡിനെ പുറത്താക്കിയ റഫറിയുടെ നടപടിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചു.
ഈ മാസം 10ന് ഡല്‍ഹിക്കെതിരേയും 17ന് ബ്ലാസ്റ്റേഴ്‌സിനെതിരേയും നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ മത്സരം നിയന്ത്രിച്ചത് ഒരേ റഫറിയാണെന്നുള്ള പരാതിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഉന്നയിച്ചു. സന്തോഷ് കുമാറാണ് ഈ രണ്ട് മത്സരങ്ങളിലും വിസിലൂതിയിരുന്നത്.
നേരത്തെയും ചില ടീമുകളുടെ പരിശീലകര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ റഫറിയിങ്ങിനെ ചോദ്യം ചെയ്ത് രംഗത്തു വന്നിരുന്നു. കളിയുടെ നിലവാരം കൂടണമെങ്കില്‍ റഫറിമാരും അതിന് അനുസരിച്ചുള്ളതാകണമെന്നായിരുന്നു സ്റ്റീവ് കോപ്പല്‍ പറഞ്ഞിരുന്നത്. റഫറിമാരുടെ പ്രകടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ക്ലബ്ബുകള്‍ക്ക് അവസരം നല്‍കണമെന്നും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നല്‍കിയ പരാതിയില്‍ പറയുന്നു.
