വിനീതിനായി വലവീശി കൊല്‍ക്കത്ത ?

First Published 12, Mar 2018, 12:40 PM IST
Kerala Blasters super star C K Vineeth headed to another club
Highlights

വിനീത് വരും സീസണിലും ടീമിനൊപ്പം തുടരുമോ എന്ന കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റാകട്ടെ ഇതുവവരെ മനസുതുറന്നിട്ടുമില്ല.

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സി കെ വിനീതിനെ സ്വന്തമാക്കാന്‍ വലവീശിയിരിക്കുന്നത് എടികെ കൊല്‍ക്കത്തയാണെന്ന് റിപ്പോര്‍ട്ട്. വരും സീസണില്‍ വിനീത് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിനീതിനെ സ്വന്തമാക്കാന്‍ ചരടുവലി നടത്തുന്നത് കൊല്‍ക്കത്തയാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

വിനീത് വരും സീസണിലും ടീമിനൊപ്പം തുടരുമോ എന്ന കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റാകട്ടെ ഇതുവവരെ മനസുതുറന്നിട്ടുമില്ല. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില്‍ ബംഗലൂരുവില്‍ നിന്ന് ലോണിലെത്തിയ താരം ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ഏറെ ആരാധക പിന്തുണയുള്ള വിനീതിന്റെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കാത്തതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

ഈ വര്‍ഷത്തെ ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ താരത്തെ നിലനിര്‍ത്താന്‍ ബംഗളൂരുവിന് അവസരമുണ്ടായിട്ടും പകരം സുനില്‍ ഛേത്രിയേയും ഉദാന്ത സിംഗിനെയുമാണ് ബംഗളൂരു നിലനിര്‍ത്തിയത്. ഇതോടെ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. സീസണില്‍ നാലു ഗോളുകള്‍ നേടിയെങ്കിലും ചില മത്സരങ്ങളിലെങ്കിലും താരം പോയ സീസണിലെ പ്രകടനത്തിന്റെ നിഴലായിരുന്നുവെന്ന ആക്ഷേപം ആരാധകര്‍ക്കുണ്ട്.

loader