കൊച്ചി: ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് തയ്യാറെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. ബ്ലാസ്റ്റേഴിസില്‍ തിരിച്ചെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇയാന്‍ ഹ്യൂം പറഞ്ഞു. അതേ സമയം കൊച്ചിയിലെ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ്‌വില്‍പ്പനക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നുണ്ടാവുന്നത്.
ഐ.എസ്.എല്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചി ആവേശതിമിര്‍പ്പിലാണ്. കഴിഞ്ഞ സീസണില്‍ കലാശപോരാട്ടത്തില്‍ കൈവിട്ട കിരീടം ഇക്കുറി ഹ്യൂമും ബര്‍ബറ്റോവും അടങ്ങുന്ന സംഘം സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മത്സരങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളെല്ലാം കൊച്ചിയില്‍ എത്തികഴിഞ്ഞു. ഒരിടവേളക്ക് ശേഷം ബ്ലാസ്റ്റേഴില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ഹ്യൂം മറച്ചുവെച്ചില്ല. വിസ്മയകരമായ പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നതെന്ന് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ പറഞ്ഞു.
കൊച്ചിയില്‍ നടക്കുന്ന ലുലു ഫുട്‌ബോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ഹ്യൂമിനൊപ്പം മലയാളി താരം റിനോ ആന്റോയും കറേജ് പെക്കുസനും ആരാധകരെ നേരില്‍ കാണാന്‍ എത്തിയിരുന്നു. ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വച്ച ഗ്യാലറി ടിക്കറ്റുകള്‍ ആദ്യ മണിക്കൂറില്‍ തന്നെ വിറ്റ് തീര്‍ന്നു. 250 മുതല്‍ 10000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. നവംബര്‍ 17 ന് കേരളാ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മത്സരം.
