ദില്ലി: രഞ്ജി ട്രോഫിയില്‍ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സര്‍വ്വീസസിനെതിരെ ലീഡിനായി കേരളം പൊരുതുന്നു. സര്‍വ്വീസസിന്റെ 322 റണ്‍സിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 271 റണ്‍സ് എന്ന നിലയിലാണ് കേരളം. ഇപ്പോള്‍ 51 റണ്‍സ് പിന്നിലാണ് കേരളം. പുറത്താകാതെ 112 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ബേബിയുടെ പ്രകടനമാണ് കേരളത്തിന് നിര്‍ണായകമായത്. ഒരവസരത്തില്‍ നാലിന് 74 എന്ന നിലയില്‍ പരുങ്ങിയ കേരളത്തെ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 187 റണ്‍സാണ് അടിച്ചെടുത്തത്. 248 പന്ത് നേരിട്ട സച്ചിന്‍ ബേബി 12 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 112 റണ്‍സെടുത്തത്. രഞ്ജിയില്‍ സച്ചിന്‍ ബേബിയുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. 180 പന്ത് നേരിട്ട ജലജ് സക്‌സേന 11 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 84 റണ്‍സെടുത്തത്. സര്‍വ്വീസസിനുവേണ്ടി ഇര്‍ഫാന്‍ ഖാന്‍ മൂന്നു വിക്കറ്റെടുത്തു.