പനാജി: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം നാളെ ഗോവയെ നേരിടും. രണ്ട് ജയവും ഒരു സമനിലയും ഒരു തോവിയുമടക്കം ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. വൈകിട്ട് ഏഴിനാണ് കേരളത്തിന്റെ സെമി ഫൈനല്‍. വൈകിട്ട് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ മിസോറം കരുത്തരായ ബംഗാളിനെ നേരിടും. 2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്.

ആദ്യ മല്‍സരത്തില്‍ ആസമിനെയും പിന്നീട് മിസോറമിനെയും തോല്‍പ്പിച്ച കേരളം പഞ്ചാബിനോട് സമനില വഴങ്ങിയിരുന്നു. എന്നാല്‍ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളം മഹാരാഷ്‌ട്രയോട് തോറ്റിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം തോറ്റത്. ക്യാപ്റ്റന്‍ ഉസ്‌മന്‍, ജോബിന്‍, യുവതാരം അസ്‌ഹറുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മുന്നേറ്റ നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ.