തിരുവനന്തപുരം: സന്തോഷ് ട്രോഫി മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിനായുള്ള കേരളാ ടീമിനെ പി. ഉസ്മാന്‍ നയിക്കും. നാലു മാറ്റങ്ങളോടെയാണ് കേരളം ഗോവയിലേക്ക് പുറപ്പെടുക. ഈമാസം പതിഞ്ചിന് റെയില്‍വേയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള കേരളത്തിന്റെ ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. യോഗ്യതാ റൗണ്ടില്‍ കേരളത്തെ നയിച്ച പി. ഉസ്മാന്‍ ക്യാപ്റ്റനായി തുടരും.

ഉസ്മാനൊപ്പം ജിജോ, എല്‍ദോസ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് മുന്നേറ്റനിരയിലെത്തുക. മിഥുന്‍, ഹജ്മല്‍, മെല്‍ബിന്‍ എന്നിവരാണ് വല കാക്കുക. യോഗ്യതാ മത്സരം കളിച്ച ഉപനായകന്‍ ഫിറോസ് ഉള്‍പ്പടെ നാലുപേരെ പുറത്തിരുത്തി. ഷിബിന്‍ ലാല്‍, അനന്തു മുരളി, നെറ്റോ ബെന്നി എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് താരങ്ങള്‍. നിഷോണ്‍ സേവ്യര്‍, ജിപ്‌സന്‍, ഷെറിന്‍ സാം, ജിജോ എന്നിവര്‍ക്ക് പകരം ടീമിലെത്തി. ഇന്ത്യയുടെ മുന്‍ താരം വി.പി. ഷാജിയാണ് മുഖ്യ പരിശീലകന്‍

മിസോറാം, പഞ്ചാബ്, മഹാരാഷ്ട്ര, റെയില്‍വേസ് എന്നിവരുള്‍പ്പെട്ട ശക്തമായ ഗ്രൂപ്പിലാണ് കേരളം. ഈമാസം പതിനഞ്ചിന് റെയില്‍വേസിനെതിരെയാണ് ആദ്യ മത്സരം.