ര‍ഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തിനായി കേരള ടീം ഹരിയാനയിലക്ക് പുറപ്പെട്ടു. കേരളത്തിന് ജയപ്രതീക്ഷയുണ്ടെന്ന് നായകന്‍ സച്ചിന്‍ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചരിത്രനേട്ടം ലക്ഷ്യമാക്കി കേരള താരങ്ങള്‍ ഹരിയാനയിലേക്ക് പോകുന്നത്. ഉച്ചക്ക് 1230ന് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് വാട്മോറിന്‍റെ വണ്ടര്‍ ടീം തിരിച്ചത്. സഞ്ജു സാംസൺ, ബേസില്‍ തന്പി തുടങ്ങിയ ഇന്ത്യ എ താരങ്ങളും സച്ചിന്‍ ബേബി നയിക്കുന്ന സംഘത്തിലുണ്ട്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന തുന്പയിലെ വിക്കറ്റിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമെങ്കിലും
ജയത്തിനായി കേരളം കളിക്കുമെന്ന് നായകന്‍ സച്ചിന്‍ പറഞ്ഞു.

തുമ്പയിൽ സൗരാഷ്‌ട്രയ്ക്കെതിരെ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ കേരളം, ബേസില്‍ തന്പി, സന്ദീപ് വാര്യര്‍, എം ഡി നിധീഷ് എന്നീ പേസര്‍മാരെ ഹരിയാനക്കെതിരെ പരിഗണിക്കുമെന്ന് കോച്ച് ഡേവ് വാട്മോര്‍ സൂചിപ്പിച്ചു. ഹരിയാനയെ തോൽപ്പിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഉറപ്പക്കാം.