സൈക്ലിംഗില്‍ ദേശീയ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയായ കെസിയ വര്‍ഗ്ഗീസ്, കോമണ്‍വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലുമടക്കം സ്വര്‍ണമണിഞ്ഞ ഫെന്‍സിങ് താരങ്ങളായ അമ്പിളിയും ഡെന്‍സിസയുമൊക്കെ കേരള ടീമിന്റെ പടിയിറങ്ങാന്‍ ഒരുങ്ങുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജോലിയും പ്രതീക്ഷിച്ച് 151 കായിക താരങ്ങളാണ് രണ്ട് വര്‍ഷമായി കാത്തിരിക്കുന്നത്. ഗസ്റ്റഡ് നിയമനങ്ങള്‍ക്ക് പുറമേ, ദേശീയ ഗെയിംസില്‍​ ​സ്വര്‍ണ്ണം നേടിയ 68 പേര്‍ക്കും ടീമിനങ്ങളില്‍ വെള്ളിയും വെങ്കലവും നേടിയ​ 88 താരങ്ങള്‍ക്കും കൂടി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

സജജന്‍ പ്രകാശ്, എലിസബത്ത് സൂസന്‍ കോശി, അനില്‍ഡ തോമസ്, അനുരാഘവ് എന്നീ നാല് താരങ്ങളുടെ ഗസ്റ്റഡ് നിയമനമൊഴികെ മറ്റൊരു താരത്തിനും സര്‍ക്കാര്‍ ശമ്പളം വാങ്ങാന്‍ ഭാഗ്യം കിട്ടിയില്ല. അടുത്ത ഗെയിംസിനായുള്ള യോഗ്യത മത്സരങ്ങളും പരിശീലന ക്യാമ്പുകളും തുടങ്ങാനിരിക്കെ താരങ്ങളുടെ കടുത്ത നിലപാട് ഈ വര്‍ഷം നടക്കാനിരിക്കുന്ന ദേശീയ ഗെയിംസും അന്തര്‍ദേശീയ മത്സരങ്ങളിലും അടക്കം കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയാകും.