രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളം ശക്തമായ നിലയില്‍. ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 254 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളം ശക്തമായ നിലയില്‍. ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 254 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ്.

127 റണ്‍സുമായി ജലജ് സക്സേനയും 34 റണ്‍സുമായി രോഹന്‍ പ്രേമുമാണ് ക്രീസില്‍. 56 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 143 പന്തില്‍ സെഞ്ചുറി തികച്ച ജലജ് സക്സേന 11 ബൗണ്ടറികള്‍ പറത്തിയാണ് 127 റണ്‍സെടുത്ത് നില്‍ക്കുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ ജലജ് സക്സേന-അരുണ്‍ കാര്‍ത്തിക് സഖ്യം 139 റണ്‍സ് കൂട്ടേച്ചേര്‍ത്തു.

നേരത്തെ 225/8 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ആന്ധ്രക്ക് സ്കോര്‍ അധികം മുന്നോട്ടുകൊണ്ടുപോകാനായില്ല.254 റണ്‍സില്‍ ആന്ധ്രയുടെ ഇന്നിംഗ്സ് അവസാനിച്ചു. കേരളത്തിനായി അക്ഷയ് കോടോത്ത് നാലു വിക്കറ്റും ബേസില്‍ തമ്പി മൂന്ന് വിക്കറ്റുമെടുത്തപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റെടുത്തു.