രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ രണ്ടാം ജയം. മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാനെ 131 റൺസിന് കേരളം തോൽപ്പിച്ചു. ജലജ് സക്സേനയും, സിജോമോന്‍ ജോസഫുമാണ് വിജയശിൽപ്പികള്‍.
തുമ്പയിൽ വിജയാകാശത്ത് വാട്മോറിന്റെ കേരളം. 343 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ സന്ദീപും നിധീഷും സിജോമോനും ചേര്‍ന്ന് നാലിന് 66ലേക്ക് ഒതുക്കിയപ്പോള്‍ അനായാസ ജയം കേരളം പ്രതീക്ഷിച്ചു. ബിസ്റ്റ് ലൊംറോര്‍ സഖ്യം ഉറച്ചുനിന്നപ്പോള്‍ ഉച്ചഭക്ഷണത്തിന് ശേഷം സമനിലക്കായി രാജസ്ഥാന്‍റെ പോരാട്ടം. എന്നാല്‍ നാലിന് 160ൽ സിജോമോന്‍ ജോസഫ് കൂട്ടുകെട്ട് പൊളിച്ചതോടെ കേരളം തിരിച്ചുവന്നു. രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരം കളിച്ച സിജോ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയപ്പോള്‍ 51 റൺസിനിടെ രാജസ്ഥാന് അവസാന ആറ് വിക്കറ്റ് നഷ്‍ടമായി.
മത്സരത്തിലാകെ 10 വിക്കറ്റ് വീഴ്‍ത്തുകയും സെഞ്‍വറി അടക്കം 184 റൺസ് നേടുകയും ചെയ്‍ത ജലജ് സക്നസേനയാണ് മാന്‍ ഓഫ് ദ് മാച്ച്. സച്ചിന്‍ ബേബി, സഞ്ജു സംസൺ, രോഹന്‍ പ്രേം എന്നിവരുടെ മികവും നിര്‍ണായകമായി. മൂന്ന് കളിയിൽ 12പോയന്റുള്ള കേരളം ബുധനാഴ്ച തുടങ്ങുന്ന അടുത്ത മത്സരത്തിൽ ജമ്മു കശ്‍മിരിനെ നേരിടും.
