കൊച്ചി: കൊച്ചിയില്‍ ഐഎസ്എല്‍ സെമിഫൈനലിന് മണിക്കൂറൂകള്‍ മാത്രം ബാക്കിയിരിക്കേ ജിസിഡിഎയും കേരള ഫുട്ബോള്‍ ഫെഡറേഷനും തമ്മില്‍ പോര്. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വാടക കൂട്ടി നല്‍കണമെന്ന ജിസിഡിഎയുടെ ആവശ്യമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇതിനിടെ,കഴിഞ്ഞ മല്‍സരത്തിലെ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത്, കാണികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഉടമ ജിസിഡിഎയാണ്. കെഎഫ്എ വഴിയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഐഎസ്എല്‍ ചാമ്പ്യന്‍ഷിപ്പിനായി സ്റ്റേഡിയം വിട്ടു കൊടുത്തിരിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് ഇത് സംബന്ധിച്ചുള്ള കരാര്‍ .ലീഗ് മല്‍സരങ്ങള്‍ മാത്രമേ ഇവിടെ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നായിരുന്നു  ആദ്യം കരുതിയത്.

എന്നാല്‍  മികച്ച പോരാട്ടത്തോടെ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയതും ഫൈനല്‍ വേദിയായി കൊച്ചി നിശ്ചയിച്ചതും കഴിഞ്ഞാഴ്ചയാണ്. ഇതോടെയാണ് വാടക കൂട്ടിത്തരണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടത്. സെമിക്ക് അഞ്ച് ലക്ഷവും ഫൈനലിന് 10 ലക്ഷം രൂപയും ആവശ്യപ്പെട്ട് കെഎഫ്എക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നാണ് കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തറുടെ അവകാശവാദം.

ഇതിനിടെ  കഴിഞ്ഞ മല്‍സരത്തിലെ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത്, പൊലീസ് കാണികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിക്ക് ശേഷം സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. കുപ്പി, ചെണ്ട തുടങ്ങിയവ കൊണ്ടു പോകുന്നതിനും നിയന്ത്രണമുണ്ടാകും.