കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഹാട്രിക്ക്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറും ആദ്യ ഇന്ത്യന്‍ സ്പിന്നറുമാണ് കുല്‍ദീപ്. ചേതന്‍ ശര്‍മയും കപില്‍ ദേവുമാണ് കുല്‍ദീപിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍.

മത്സരത്തിന്റെ 33-ാം ഓവറിലാണ് കുല്‍ദീപ് ചരിത്ര നേട്ടത്തിലേക്ക് പന്തെറിഞ്ഞത്. രണ്ടാം പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിനെ ബൗള്‍ഡാക്കിയ കുല്‍ദീപ് മൂന്നാം പന്തില്‍ ആഷ്ടണ്‍ അഗറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. നാലാം പന്തില്‍ കമിന്‍സിനെ ധോണിയുടെ കൈകകളിലെത്തിച്ചാണ് കുല്‍ദീപ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

32 ഓവറില്‍ 148/5 ല്‍ നിന്ന് ഓസീസ് ഇതോടെ 148/8ലേക്ക് കൂപ്പുകുത്തി. തന്റെ ഒമ്പതാം രാജ്യാന്തര ഏകദിനത്തില്‍ തന്നെ ഹാട്രിക്ക് സ്വന്തമാക്കിയെന്ന പ്രത്യകതയും കുല്‍ദീപിന്റെ നേട്ടത്തിനുണ്ട്.